തൃക്കരിപ്പൂർ(കാസർകോട്): തടിയൻ കൊവ്വലിലെ തൃക്കരിപ്പൂർ ഇ.കെ. നായനാർ സ്മാരക ഗവ. പോളിടെക്നിക്കിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കലിനടുത്ത് കോട്ടമലയിലെ ഗംഗാധരൻ- സജിനി ദമ്പതികളുടെ മകൻ അഭിജിത് ഗംഗാധര (19) നെയാണ് മൂന്നു നില ഹോസ്റ്റൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജി. 4 മുറിയിലെ ജനൽ കമ്പിയിൽ തോർത്തുമുണ്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഐ.ടി.ഐ വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഹോസ്റ്റലിന് പരിസരത്തെ മൈതാനിയിൽ കൂട്ടുകാരൊന്നിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു. രാത്രിയിൽ തൊട്ടടുത്ത ജി.1മുറിയിലെത്തി കൂട്ടുകാരുമായി സംസാരിച്ചിരിക്കെ ഒരു ഫോൺകോൾ വന്നെന്നും തുടർന്ന് മൊബൈലിൽ സംസാരിച്ചുകൊണ്ട് അഭിജിത്ത് സ്വന്തം മുറിയിലേക്ക് പോയെന്നുമാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഇതെ മുറിയിൽ താമസിച്ചിരുന്ന മറ്റൊരു വിദ്യാർത്ഥി വീട്ടിൽ പോയതിനാൽ അഭിജിത്ത് തനിച്ചായിരുന്നു.
സെമസ്റ്റർ പരീക്ഷയ്ക്ക് ഇറങ്ങേണ്ട സമയമായിട്ടും കാണാത്തതിനാൽ മുറിയുടെ വാതിൽ തട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് കൂട്ടുകാർ പിറകുവശത്തെ ജനലിലൂടെ നോക്കിയപ്പോഴാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് വിദ്യാർത്ഥികൾ വാതിൽ ചവിട്ടി തുറന്ന് പരിശോധിച്ചെങ്കിലും മരിച്ചിരുന്നു.
അഭിജിത്തിന്റെ പിതാവ് ഗംഗാധരൻ നിർമ്മാണ തൊഴിലാളിയാണ്. അമ്മ സജിനി കാഞ്ഞങ്ങാട് വെയർഹൗസിലെ താത്കാലിക ജീവനക്കാരിയാണ്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. അശ്വതിയാണ് അഭിജിത്തിന്റെ സഹോദരി.