badminton

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ -തനിഷ കാസ്ട്രോ ജോഡിയും സെമി ഫൈനലിൽ കടന്നു. പുരുഷ ഡബിൾസിൽ മലേഷ്യയുടെ ജുനൈദി ആരിഫ് -റോയ് കിംഗ് യാപ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-7,21-14ന് അനായാസം കീഴടക്കിയാണ് സാത്വികും ചിരാഗും സെമി ഉറപ്പിച്ചത്.

വനിതാ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ ലീ യു ലിം -ഷിൻ സ്യുംഗ് ചാംഗ് സഖ്യത്തെ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിൽ 21- 15,21-23,21-19ന് കീഴടക്കിയാണ് അശ്വിനിയും തനിഷയും അവസാന നാലിൽ ഇടം നേടിയത്.

അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന മെയിരബ ലുവാംഗ് മയിസ്‌നാം ക്വാർട്ടറിൽ കുൺലാവുട് വിദിത്സണിനോട് തോറ്റ് പുറത്തായി. സ്കോർ: 12-21,5-21.