പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ യുവതിയെ മന്ത്രി ആർ.ബിന്ദു അവരുടെ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. മർദ്ദനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. യുവതിയേയും മാതാപിതാക്കളേയും ആശ്വസിപ്പിച്ചു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ബി.ടെക് വിദ്യാഭ്യാസവും പ്രമുഖ സ്‌ഥാപനത്തിൽ ജോലിയുമുള്ള കുട്ടിക്കാണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. പ്രതിഭാശാലികളായ പെൺകുട്ടികൾക്ക് ഇത്തരം ദാരുണമായ അനുഭവമുണ്ടാകുന്നത് അപമാനകരമാണ്. പെൺകുട്ടികളും അവരുടെ മാതാപിതാക്കളും അവരവരുടെ നിലനില്പ് സുരക്ഷിതമാക്കാനാണ് പ്രാധാന്യം നൽകേണ്ടത്. ഇത്തരം പ്രശ്നങ്ങളിൽ സമൂഹത്തിന്റെ കൂട്ടായ ചെറുത്തു നില്പ് പ്രധാനമാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം.