ന്യൂഡല്‍ഹി: ടേക്ക് ഓഫ് കഴിഞ്ഞ ശേഷം തീപിടിത്തമെന്ന സംശയത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. 175 യാത്രക്കാരുമായിട്ടാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റില്‍ തീപ്പിടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്നു വൈകുന്നേരം 5.20ന് ബംഗളൂരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യയുടെ എ.ഐ807 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ ശേഷമായിരുന്നു സംഭവം. ഉടനെ തന്നെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
6.38ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു. ഉടന്‍ മൂന്ന് ഫയര്‍ഫോഴ്സ് വാഹനങ്ങളെത്തി തീയണയ്ക്കുകയും ചെയ്തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്ക് പറ്റുകയോ കാര്യമായ നാശനഷ്ടങ്ങളുണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
യാത്രക്കാര്‍ക്ക് യാത്ര തുടരുന്നതിനായി അധികം വൈകാതെ തന്നെ ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നും മറ്റൊരു വിമാനത്തില്‍ എല്ലാവരും യാത്ര തിരിച്ചെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇന്ന് ഇതു രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പെടുന്നത്.
നേരത്തെ പൂനെ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്കു തിരിക്കാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യയുടെ വിമാനം ലഗേജ് ട്രാക്ടറുമായി കൂട്ടിയിടിക്കുകയും ടേക്കോഫ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. 200ല്‍ അധികം യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
സംഭവത്തെ തുടര്‍ന്ന് ആറ് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.