pic

ബീജിംഗ്: രണ്ട് ദിവസം നീണ്ട ചൈനീസ് സന്ദർശനം പൂർത്തിയാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രതിരോധം, വ്യാപാരം,​ ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിൽ ചൈനയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പുട്ടിൻ ധാരണയിലെത്തിയിരുന്നു. റഷ്യയിൽ നിന്ന് പ്രകൃതി വാതകം മംഗോളിയ വഴി പൈപ്പ് ലൈനിലൂടെ ചൈനയിലെത്തിക്കുന്ന ' പവർ ഒഫ് സൈബീരിയ 2 ' പദ്ധതി വേഗത്തിലാക്കാനുള്ള ചർച്ചകളും നടന്നു. ഇന്നലെ വടക്കു-കിഴക്കൻ ചൈനയിലെ ഹാർബിൻ നഗരത്തിൽ നടന്ന ചൈന - റഷ്യൻ ട്രേഡ് ഫെയർ പുട്ടിൻ സന്ദർശിച്ചു. ചൈനയിൽ ഏറ്റവും കൂടുതൽ റഷ്യൻ വംശജരുള്ള പ്രദേശമാണ് ' ലിറ്റിൽ മോസ്കോ ' എന്നറിയപ്പെടുന്ന ഹാർബിൻ. പ്രസിഡന്റായുള്ള അഞ്ചാം ടേം ആരംഭിച്ചതിന് പിന്നാ ലെ പുട്ടിൻ നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.