ipl

മുംബയ്: എല്ലാം കൊണ്ടും മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു സീസണില്‍ ജയത്തോടെ മടങ്ങാമെന്ന മുംബയ് ഇന്ത്യന്‍സിന്റെ പ്രതീക്ഷയും നടന്നില്ല. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിന്റെ തോല്‍വി വഴങ്ങി അവസാന സ്ഥാനമെന്ന നാണക്കേടും പേറിയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം തിരികെ പോകുന്നത്. 215 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ക്ക് വേണ്ടി രോഹിത് ശര്‍മ്മ ഒഴികെ ആരും തിളങ്ങിയില്ല. 14 മത്സരങ്ങളില്‍ നിന്ന് പത്ത് തോല്‍വിയാണ് മുംബയ് ഈ വര്‍ഷം വഴങ്ങിയത്.

സ്‌കോര്‍: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 214-6 (20), മുംബയ് ഇന്ത്യന്‍സ് 196-6 (20)

215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മുംബയ് ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കമാണ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയത്. 38 പന്തുകളില്‍ പത്ത് ഫോറും മൂന്ന് സിക്‌സും പറത്തിയ താരം 68 റണ്‍സ് നേടിയാണ് മൂന്നാമനായി പുറത്തായത്. ഒന്നാം വിക്കറ്റില്‍ ഡിവാള്‍ഡ് ബ്രെവിസ് 23(20) നെ ഒപ്പം കൂട്ടി ഹിറ്റ്മാന്‍ തകര്‍ത്താടിയപ്പോള്‍ 8.4 ഓവറില്‍ 88 റണ്‍സാണ് മുംബയ് നേടിയത്. എന്നാല്‍ പെട്ടെന്നാണ് കളി മാറിയത്. ബ്രെവിസ് പുറത്തായതിന് പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് 0(3) പെട്ടെന്ന് മടങ്ങി.

രോഹിത് ശര്‍മ്മയ്ക്ക് പകരമെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 16(13) റണ്‍സ് മാത്രം നേടി പുറത്തായി. നെഹാല്‍ വധേര 1(3) കൂടി മടങ്ങിയതോടെ മുംബയ് പരുങ്ങലിലായി. അവസാന അഞ്ച് ഓവറുകളില്‍ 90 റണ്‍സ് വേണമായിരുന്നു മുംബയ്ക്ക് ജയത്തിലേക്ക്. അവസാന ഓവറുകളില്‍ നമന്‍ ധീര്‍ 62(28) പൊരുതിയെങ്കിലും ജയത്തിന് അത് മതിയാകുമായിരുന്നില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിക്കോളസ് പൂരന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 75*(29) ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 55(41) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 28(22), ദീപക് ഹൂഡ 11(9), ആയുഷ് ബദോനി 22*(10), ക്രുണാല്‍ പാണ്ഡ്യ 12*(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മുംബയ് ഇന്ത്യന്‍സിന് വേണ്ടി നുവാന്‍ തുഷാര, പീയൂഷ് ചൗള എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.