pic

ന്യൂയോർക്ക്: യു.എസിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവച്ച പ്രകൃതി ദുരന്തം ചുഴലിക്കാറ്റുകളാണെന്ന് കാണാം. തീവ്രതയേറിയ ചുഴലിക്കാറ്റുകൾ മുതൽ ആശങ്കാജനകമല്ലാത്ത ദുർബലമായ ചുഴലിക്കാറ്റുകൾ വരെ പ്രതിവർഷം യു.എസിനെ തൊട്ടുനീങ്ങുന്നു. മനുഷ്യർക്കും പ്രകൃതിയ്ക്കും ഏറെ നാശം വിതച്ച ചുഴലിക്കാറ്റുകളെ യു.എസ് അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ യു.എസിൽ വീശിയടിച്ച അപകടകരമായ ചുഴലിക്കാറ്റുകളിലൂടെ.

 1900 - ഗ്രേറ്റ് ഗാൽവെസ്​റ്റൺ


1900 സെപ്‌റ്റംബർ 8ന് ടെക്സസിലെ ഗാൽവെസ്​റ്റണിലേക്കാണ് യു.എസിന്റെ ചരിത്രത്തിലെ ഏ​റ്റവും അപകടകരമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറിയ ഗാൽവെസ്​റ്റൺ ചുഴലിക്കാ​റ്റ് വീശിയടിച്ചത്. മണിക്കൂറിൽ 135 മൈൽ വേഗതയിൽ വീശിയടിച്ച് കാ​റ്റഗറി 4 ആയിട്ടാണ് ഗ്രേറ്റ് ഗാൽവെസ്​റ്റൺ കരയിലേക്ക് വീശിയത്. ഏകദേശം 7,000 കെട്ടിടങ്ങളാണ് തകർത്തത്. 6,000 മുതൽ 12,000 ത്തോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് കരുതുന്നത്.


 1935 - ലേബർ ഡേ


' ത്രീ ' ചുഴലിക്കാ​റ്റ് എന്ന പേരിലും അറിയപ്പെടുന്നു. മണിക്കൂറിൽ 185 മൈൽ വേഗതയിൽ കാ​റ്റഗറി 5 ചുഴലിക്കാ​റ്റായി ഫ്ലോറിഡയിലേക്കാണ് വീശിയടിച്ചത്. ഫ്ലോറിഡ ഈസ്​റ്റ് കോസ്​റ്റ് റെയിൽവേയുടെ ഒരു ഭാഗം തകർന്നു. രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഒരു ട്രെയിൻ പാളം തെ​റ്റി. ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന 200 ലേറെ സൈനികർ കൊല്ലപ്പെട്ടു. ആകെ 423 പേർക്ക് ജീവൻ നഷ്ടമായെന്ന് കരുതുന്നു.


 1954 - ഹേസൽ


ഹേസൽ ആദ്യമെത്തിയത് ഹെയ്തിയിലായിരുന്നു. അവിടെ 469 പേർ മരിച്ചു. പിന്നാലെ ഹേസൽ യു.എസിൽ 95 പേരുടെ മരണത്തിനിടയാക്കി. കനേഡിയൻ അതിർത്തി കടന്നതോടെ അതീവ ഗുരുതരമായി മാറി. 1954 ഒക്ടോബർ 15ന് ഹേസൽ ടൊറന്റോയിലെത്തി. കനത്ത മഴയിൽ നദികളും മ​റ്റും നിറഞ്ഞുകവിയുകയും പ്രളയമുണ്ടാവുകയും ചെയ്തു. കാനഡയിൽ മാത്രം നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായി.


 2005 - കത്രീന


2005 ഓഗസ്​റ്റിൽ വീശിയടിച്ച കത്രീന കാ​റ്റഗറി 5ൽ പെടുന്നതായിരുന്നു. ഏകദേശം 125 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കത്രീന വരുത്തിവച്ചത്. ആകെ 1,836 പേർ കത്രീന ചുഴലിക്കാ​റ്റിനെ തുടർന്ന് മരിച്ചെന്നാണ് കണക്ക്.


 2012 - സാന്റി


2012 ഒക്ടോബർ അവസാനം എത്തിയ സാന്റി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമാണ് ഏ​റ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. 24 യു.എസ് സംസ്ഥാനങ്ങളെയും എട്ട് രാജ്യങ്ങളെയുമാണ് സാന്റി ബാധിച്ചത്. യു.എസിൽ 233 പേരാണ് മരിച്ചത്.