seethalakshmy-narayanan

ആഗോള ഏജൻസിയായ ഫോബ്‌സിന്റെ മുപ്പത് വയസിൽ താഴെയുള്ള ഏഷ്യയിലെ മികച്ച സംരംഭകരുടെ പട്ടികയിൽ മലയാളി വനിതയും. മലയാളിയായ സീതാലക്ഷ്മി നാരായണനാണ് സ്വപ്‌നനേട്ടം കൈവരിച്ചത്. ഏഷ്യ- പസഫിക് മേഖലയിലെ മുപ്പത് വയസ് വരെയുള്ള മുന്നൂറ് നവീന ആശയങ്ങൾ നടപ്പാക്കിയ വിവിധ മേഖലയിലുള്ളവരുടെ ഫോബ്‌സിന്റെ പട്ടികയിൽ 86 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്.

ആഗോള സംഗീത മേഖലയിലെ ഉയരുന്ന നക്ഷത്രമായ അർപൻ കുമാർ ചാണ്ടേൽ ഒന്നാമതെത്തിയ ഇന്ത്യയിലെ സംരംഭകരുടെ പട്ടികയിൽ പാലക്കാട് പല്ലശനയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന സീതാലക്ഷ്മി നാരായണൻ പതിനൊന്നാം സ്ഥാനത്താണ്.

പ്രേജിം ഇൻവെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായ സീതാലക്ഷ്മി ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ്. പ്രേംജി ഇൻവെസ്റ്റിന്റെ 17 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായ സീതാലക്ഷ്മി 300 മില്യൺ ഡോളറിലധികമുള്ള ഏഴ് നിക്ഷേപങ്ങൾക്കാണ് നേതൃത്വം നൽകിയത്. 29 വയസിലാണ് സീതാലക്ഷ്മി ഈ അംഗീകാരം നേടിയത്. ഗ്ലോബൽബീസ്, ഫസ്റ്റ്‌ക്രൈ, ക്രെഡിറ്റ്ബീ എന്നിവ ഉൾപ്പെടുന്ന ഡീലുകളിലും 2023ൽ ലോട്ടസ് സർജിക്കൽസ്, മിനിഫിഫി എന്നിവയിലും സീതാലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്.

ബംഗളൂരിലെ കൺസ്യൂമക്സ് ഇൻഡസ്ട്രീസിന്റെ ചീഫ് ടെക്നോളജി ഓഫീസർ ജോർജ് ഫ്രാൻസിസ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 34ാം സ്ഥാനത്തുണ്ട്. നവീന ആശയങ്ങളുമായി ഏറ്റവും ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയവരെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്.