കാഞ്ഞങ്ങാട്: കല്ലും മുള്ളും കാലിന് മെത്തയാക്കി വീട്ടമ്മ. ആറങ്ങാടി നിലാങ്കരയിലെ കെ. ബിന്ദു (57) വാണ് ജനിച്ചിട്ട് ഇന്നേവരെ ചെരുപ്പ് ധരിക്കാതിരിക്കുന്നത്. തന്റെ അമ്മയും ചെരുപ്പ് ധരിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. അതിന്റെ കാരണവും ബിന്ദു തന്നെ വ്യക്തമാക്കുന്നുണ്ട്.
കത്തുന്ന വേനൽ ചൂടിൽ താർ റോഡിലൂടെ അനായാസം നടക്കാൻ ബിന്ദുവിനാകുന്നു. ഇക്കാലത്തിനിടയിൽ ഒരു തവണ മാത്രമാണ് ഉള്ളം കാലിൽ ചെറിയ പരിക്കേറ്റത്. 2023 ഡിസംബറിലായിരുന്നു ഇത്. മകൾ രജീഷയുടെ ചീമേനിയിലെ വീട്ടിൽ പോയ സമയത്ത് അവിടെ നിന്ന് കാലിൽ എന്തോ തറക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പനിയും വിറയലും അനുഭവപ്പെട്ടു. തുടർന്ന് നാല് ദിവസത്തോളം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായി.
നിലാങ്കരയിലെ ലോട്ടറി തൊഴിലാളി ബാലന്റെ ഭാര്യയാണ് ബിന്ദു. കൂലിപ്പണിക്കാരനായ വിജേഷ് മകനാണ്. ബിന്ദു കല്യാൺ റോഡിൽ കാർ ഷോറൂമിൽ തൂപ്പു ജോലിക്ക് പോകുന്നുണ്ട്. 1996ൽ അധികാരത്തിൽ വന്ന നായനാർ സർക്കാറിൽ ഭവന നിർമ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി പി.ജെ ജോസഫ് കൊണ്ടുവന്ന മൈത്രി ഭവന പദ്ധതിയിലൂടെ ഭാഗികമായി പൂർത്തിയാക്കിയ വീട്ടിലാണ് ബിന്ദുവും കുടുംബവും താമസിക്കുന്നത്.
കുഞ്ഞുനാളിൽ വീട്ടുകാർക്ക് ചെരുപ്പ് വാങ്ങിത്തരാൻ കഴിവില്ലാത്തത് കൊണ്ട് ധരിച്ചില്ല. പിന്നീട് അതൊരു ആവശ്യമാണെന്ന് തോന്നിയുമില്ല, - ബിന്ദു പറഞ്ഞു.