വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. വീട് നിർമിക്കുന്നതുതൊട്ട് മുറികളിലെ സാധനങ്ങൾ വയ്ക്കുന്നതിന് വരെ വാസ്തുനോക്കുന്നവർ ഏറെയാണ്. ഇത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം വീടിനുള്ളിലോ പുറത്തോ വയ്ക്കുന്ന ചില ചെടികൾ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.
തുളസിയാണ് ഇതിൽ പ്രധാനം. വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഏറ്റവും ശക്തവും പവിത്രവും ഐശ്വര്യപ്രദവുമായ സസ്യങ്ങളിലൊന്നാണ് തുളസി അല്ലെങ്കിൽ വിശുദ്ധ തുളസി. 'വളരെ ഔഷധമൂല്യമുള്ള ഈ ചെടിക്ക് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും കൊതുകുകളെ അകറ്റാനും കഴിയും. വീടിന്റെ മുൻവശത്തോ പിൻവശത്തോ ബാൽക്കണിയിലോ സൂര്യപ്രകാശം സ്ഥിരമായി കിട്ടുന്നിടത്തെല്ലാം തുളസി വളർത്താം.
താമരയാണ് അടുത്തത്. സമ്പത്ത്, സമാധാനം, വിശുദ്ധി, ഐക്യം, ആത്മീയത എന്നിവയുടെ പ്രതീകമായിട്ടാണ് താമരയെ കണക്കാക്കുന്നത്. കൂടാതെ ലക്ഷ്മി ദേവിയുമായും ഭഗവാൻ ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇത് ശുഭകരമായ കാര്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. താമര വീടിനുമുന്നിൽ വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇൻഡോറിൽ താമര വയ്ക്കുന്നതും നല്ലതാണ്. പൂന്തോട്ടത്തിന്റെ വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ താമരക്കുളം വരുന്നതാണ് അഭികാമ്യം.
വീടിന് ഭാഗ്യം നൽകുന്ന മറ്റൊരു പൂവാണ് ഓർക്കിഡ്. ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. ഫെങ് ഷൂയി പ്രകാരം നല്ല ബന്ധങ്ങളെയും സന്തോഷത്തെയും ഫലഭൂയിഷ്ഠതയെയും ഓർക്കിഡ് പ്രതീകപ്പെടുത്തുന്നു. വീടിനുള്ളിൽ വടക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് നല്ലത്.