കണ്ണൂർ: കൊലവിളിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെ പിടിച്ചുകെട്ടാൻ ആരംഭിച്ച പൊലീസ് നടപടി ജില്ലയിലും മുറുകി. കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 'ഗുണ്ടകൾക്ക് മീതെ പറക്കാതെ പൊലീസ് ' റിപ്പോർട്ടിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗുണ്ടാലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡിവൈ.എസ്.പിമാർക്കാണ്.
ഗുണ്ടാലിസ്റ്റ് പുതുക്കുകയും സ്ഥിരം കുറ്റവാളികളെ ഉൾപ്പെടുത്തുകയും ചെയ്യും. രാഷ്ട്രീയ സ്വാധീനമടക്കം ഉപയോഗിച്ച് ലിസ്റ്റിൽപ്പെടാതെ രക്ഷപെട്ടവരെയും വിടില്ല. ഗുണ്ടാകേസിൽ ജയിലിൽ നിന്നിറങ്ങി വീണ്ടും അക്രമം കാട്ടുന്നവരെ കോടതിയിൽ റിപ്പോർട്ട് നൽകി നാടുകടത്തുകയോ കരുതൽ തടങ്കലിലാക്കുകയോ ചെയ്യുമെന്നൊക്കെ പൊലീസ് വ്യക്തമാക്കിയിരുന്നു.
സാമൂഹ്യ വിരുദ്ധരെയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിനു പൊലീസിന്റെ ഓപ്പറേഷൻ ആഗ് സ്‌പെഷ്യൽ ഡ്രൈവിൽ കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 134 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഇത്രയും പേരെ പൊക്കിയത്.
സ്‌പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 72 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 46 പേർക്കെതിരെയും, ഗുരുതര കുറ്റം ചെയ്ത രണ്ട് പേർക്കെതിരെയും കാപ്പ പ്രകാരം ഒരാൾക്കെതിരെയും മറ്റ് ക്രിമിനൽ കേസിൽ ഉൾപ്പെട്ട 13 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു.
സ്ഥിരം കുറ്റവാളികൾ
അടുത്തകാലങ്ങളിലായി ജില്ലയിൽ നടന്ന കുറ്റകൃത്ത്യങ്ങളിൽ പലതിലും സ്ഥിരം കുറ്റവാളികളുടെ സാന്നിദ്ധ്യമുണ്ട്. മണ്ണെടുപ്പും വാഹനം പിടിച്ചെടുക്കലും ഉൾപ്പടെയുള്ള കുറ്റകൃത്ത്യങ്ങളിലാണ് കൂടുതലായും ഇത്തരം ഗുണ്ടാസംഘങ്ങളുടെ ഇടപെടൽ ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ഗുണ്ടാ പട്ടിക ഇന്റലിജൻസ് ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇങ്ങനെ മാറിവന്ന ഉദ്യോഗസ്ഥർ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ താൽപര്യം കാണിച്ചില്ല. ക്വട്ടേഷനും ഗുണ്ടാപ്രവർത്തനവും നഗര പ്രദേശങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വ്യാപിച്ചതായാണ് പൊലീസ് പറയുന്നത്.
ലഹരിക്കാരും അകത്താകും
207.84 ഗ്രാം എം.ഡി.എം.എയുമായി പയ്യന്നൂർ കരിപ്പാൽ കാവിന് സമീപം മുഹമ്മദ് മഷ്ഹൂദ് (28), തളിപ്പറമ്പ് കുറ്റിക്കോലിലെ മുഹമ്മദ് ആസാദ് (27) എന്നിവരെ താളിക്കാവിൽ വച്ച് കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയിരുന്നു. ഏറേക്കാലമായി മയക്കുമരുന്ന് വില്പന നടത്തിയവരാണിവർ. ഹൈടെക് രീതിയിലാണ് ഇവരുടെ വില്പന. ആദ്യം പണം ബാങ്ക് അക്കൗണ്ട് വഴി സ്വീകരിക്കും. തുടർന്ന് ഫോണുകൾ എയ്റേ പ്ളെയിൻ മോഡിൽ ആക്കി ഇടനിലക്കാരൻ വഴി ഇന്റർനെറ്റ് ഉപയോഗിച്ച് വാട്സ് ആപ്പിലൂടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ലഹരിമരുന്ന് ഒരു സ്ഥലത്ത് വയ്ക്കുകയും ഇതിന്റെ ഫോട്ടോ കൈമാറുകയും ചെയ്യും. ഇത്തരക്കാർക്കെതിരെയും കുരുക്ക് മുറുക്കിയിരിക്കുകയാണ്.
.