nishad

പത്തംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ പിടിയിലായി. കൊല്ലം ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദി(37)നെ അടൂർ പൊലീസും തൃശൂർ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗി(24 )നെ തൃശൂർ സിറ്റി സാഗോക് ടീമും, മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്.
മുപ്പതിലധികം മോഷണ കേസുകളിൽ പ്രതിയായ അനുരാഗും, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നിഷാദും ജയിലിൽ കഴിയവെ സുഹൃത്തുക്കളായി. ജയിൽ വാസത്തിനശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേർന്ന് ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് മാല പൊട്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം 13ന് അടൂർ ഏഴംകുളം പട്ടാഴിമുക്ക് ജംഗ്ഷന് സമീപം പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്തു കൊണ്ടുപോയ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്.
മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആർഭാട ജീവിതമാണ് പ്രതികൾ നയിക്കുന്നത്. അനുരാഗിനൊപ്പം തൃശൂരിലെ കേസിലുൾപ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു
( സാജുദ്ദീനെ- 31)വിനെയും തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജീവ്, എസ്.ഐ എം.പ്രശാന്ത്, എസ്.സി.പി. മാരായ സുനിൽ കുമാർ, സൂരജ്, ശ്യാം കുമാർ, സി.പി.ഒ എം.നിസാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.