ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ സിനിമ നിർമ്മിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തമാശയായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് കങ്കണ റണാവത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പരാമർശം. ആറു പൊതുയോഗങ്ങളും മറ്റു നിരവധി ചെറു മീറ്റിംഗുകളും. പാർട്ടി പ്രവർത്തകർക്കൊപ്പമുള്ള വേളകൾ. മലനിരകൾക്കിടയിലൂടെ ഒരു ദിവസം 450 കിലോമീറ്റർ യാത്ര ചെയ്യുന്നു. മോശം റോഡുകളിലൂടെയുള്ള യാത്ര രാത്രിയിലും തുടരുന്നു. സമയത്തിന് ഭക്ഷണമോ ലഘുഭക്ഷണമോ പോലുമില്ലാത്ത ഈ ബുദ്ധിമുട്ടുകൾക്കുമുന്നിൽ സിനിമാ നിർമ്മാണം തമാശയാണെന്നാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കങ്കണ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിൽ പ്രചാരണ പരിപാടിയിലാണ് നടി. ജൂൺ ഒന്നിനാണ് മാണ്ഡിയിൽ വോട്ടെടുപ്പ്.