vaghul

കൊച്ചി: ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ പുത്തൻ സാങ്കേതികവിദ്യകളും ആഗോള ധനകാര്യ ഉത്പന്നങ്ങളും അവതരിപ്പിച്ച പ്രമുഖ ബാങ്കറായിരുന്നു ഇന്നലെ ചെന്നൈയിൽ അന്തരിച്ച ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻചെയർമാൻ നാരായണൻ വഗുൽ. ദക്ഷിണേന്ത്യയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് ചെന്നൈയിലേക്ക് കുടിയേറിയ എട്ട് മക്കളുള്ള കുടുംബത്തിലെ അംഗമായ വഗുൽ സിവിൽ സർവീസ് മോഹം ഉപേക്ഷിച്ചാണ് ബാങ്കിംഗ് രംഗത്തേക്ക് കടന്നുവന്നത്. ചെറുപ്പം മുതൽ മികച്ച നേതൃഗുണം പ്രകടിപ്പ്രച്ച അദ്ദേഹം 44ാം വയസിൽ ഇന്ത്യയിലെ പ്രമുഖ ബാങ്കായ ബാങ്ക് ഒഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. രാജ്യത്തെ പൊതു മേഖല ബാങ്കുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായിരുന്നു നാരായണൻ വഗുൽ.

വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലാത്ത കറകളഞ്ഞ ബാങ്കറെന്ന ഖ്യാതി എക്കാലവും അദ്ദേഹം കാത്ത് സൂക്ഷിച്ചു. 1985ൽ ഐ.സി.ഐ.സി.ഐയിൽ ചുമതലയേറ്റെടുത്ത ശേഷം വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളുടെ സാദ്ധ്യത ഇന്ത്യയ്ക്ക് പരിചയപ്പെടുത്തി. എല്ലാവിധ ധനകാര്യ സേവനങ്ങളും ലഭിക്കുന്ന ധനകാര്യ സൂപ്പർ മാർക്കറ്റുകൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചതും അദ്ദേഹമാണ്. ക്രെഡിറ്റ് റേറ്റിംഗ് ഇന്ത്യയിൽ പരിചയപ്പെടുത്തി പിന്നീട് ക്രിസിൽ രൂപീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ നിന്നും പ്രമുഖ ബാങ്കറായ കെ. വി കാമത്തിനെ കൊണ്ടുവന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃ സ്ഥാനത്ത് അവരോധിച്ചതും വഗുലാണ്. പ്രമുഖ ബാങ്കിംഗ് പ്രൊഫഷണലുകളായ കൽപ്പന മോർപ്പേരിയ, ശിഖ ശർമ്മ, രേണുക രാംനാഥ് തുടങ്ങിയവരെ നേതൃ പദവികളിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.