d

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ വെടിവയ്പ്. ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

കോൺഗ്രസ് സിറ്റിംഗ് എം.പിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിംഗ് ഓജ്‍ലയുടെ റാലിക്കിടെയായിരുന്നു ആക്രമണം.

പിന്നിൽ ആംആദ്മി പാർട്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പഞ്ചാബ് സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്‌താണ് റാലി നടത്തിയത്. പ്രതികൾ ഉടൻതന്നെ രക്ഷപ്പെട്ടു.

പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

ദേശീയ തലത്തിൽ സഖ്യകക്ഷികളാണെങ്കിലും പഞ്ചാബിലെ 13 സീറ്റുകളിൽ കോൺഗ്രസും എ.എ.പിയും വെവ്വേറെേയാണ് മത്സരിക്കുന്നത്. ഡൽഹിയിൽ സീറ്റ് പങ്കിടൽ ധാരണയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ ജൂൺ ഒന്നിനാണ് പഞ്ചാബിൽ വോട്ടെടുപ്പ്.

വെള്ളിയാഴ്ച വൈകിട്ട് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.