ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുതിർന്ന ദേശീയ നേതാക്കൾ. വീട്ടിൽ വോട്ടുചെയ്യാനുള്ള സൗകര്യം ഉപയോഗിച്ചാണ് നേതാക്കൾ വോട്ട് രേഖപ്പെടുത്തിയത്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവർ വോട്ട് ചെയ്തെന്ന് ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഡോ. മൻമോഹൻ സിംഗും മുരളി മനോഹർ ജോഷിയും ന്യൂഡൽഹി മണ്ഡലത്തിൽ മേയ് 17നും ഹമീദ് അൻസാരി വ്യാഴാഴ്ചയുമാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ.കെ. അദ്വാനി ഇന്നലെ വോട്ട് ചെയ്‌തെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഏർപ്പെടുത്തിയ വീട്ടിൽ വോട്ടുചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ചയാണ് ഡൽഹിയിൽ ആരംഭിച്ചത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച മാത്രം ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിൽ നിന്ന് 1409 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്. ഡൽഹിയിൽ ഇതുവരെ 2956 പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. വെസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് കൂടുതൽ പേർ വീട്ടിൽ വോട്ട് ചെയ്തത്. 348 പേർ. ഡൽഹിയിൽ 24 വരെയാണ് ഈ സൗകര്യം ഉണ്ടാകുക.