തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ റാംഗിഗിന് ഇരയായി മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നൽകിയത്. തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം.
സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കെെമാറുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിലായിരുന്നു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. സെക്ഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്ത മൂന്ന് പേരിൽ ഒരാളായിരുന്നു ബിന്ദു. സാങ്കേതികമായി ഫയലുകളിൽ വകുപ്പുതല നടപടിയില്ലെന്ന് എഴുതിച്ചേർത്താണ് സ്ഥാനക്കയറ്റം നൽകിയത്.
അതേസമയം, സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേരാൻ അമ്മ എം.ആർ. ഷീബയെ ഹൈക്കോടതി അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് സിദ്ധാർത്ഥിന്റെ അമ്മ കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യഹർജികൾക്കൊപ്പം ഷീബയുടെ അപേക്ഷയും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് 22ന് പരിഗണിക്കാൻ മാറ്റി.
കേസിൽ സി.ബി.ഐ അറസ്റ്റുചെയ്ത എസ്.ഡി. ആകാശ്,ബിൽഗേറ്റ് ജോഷ്വ,വി. നസീഫ്,റെയ്‌ഹാൻ ബിനോയ്,എൻ. അസിഫ്ഖാൻ,അഭിഷേക്, ആർ.ഡി. ശ്രീഹരി,കെ. അഖിൽ,അൽതാഫ്,കെ. അരുൺ,അമീൻ അക്ബർ അലി എന്നിവരാണ് ജാമ്യഹർജി നൽകിയത്. കേസിൽ ഇതുവരെ 19 പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദ്ദനത്തിനും ഇരയായെന്ന് സി.ബി.ഐയുടെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തണമെന്നുമാണ് ഷീബയുടെ ആവശ്യം.
പ്രതികളുടെ പങ്ക് സി.ബി.ഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. വൈദ്യസഹായംപോലും നൽകാൻ പ്രതികൾ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് സിദ്ധാർത്ഥിന്റെ അമ്മയുടെ ആവശ്യം.