ബംഗളൂരു: അവസാന ഓവർവരെ ആവേശം നിറഞ്ഞ് നിന്ന ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 27 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ പതിനേഴാം സീസണിന്റെ പ്ലേഓഫിലെത്തി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 201 റൺസ് നേടിയിരുന്നെങ്കിൽ ചെന്നൈയ്ക്ക് പ്ലേ ഓഫിൽ എത്താമായിരുന്നു.
ചെന്നൈക്കായി ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും (പുറത്താകാതെ 22 പന്തിൽ 42), എം.എസ് ധോണിയും (13 പന്തിൽ 25) 27 പന്തിൽ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പൊരുതി നോക്കിയെങ്കിലും പ്ലേഓഫിൽ എത്താനായില്ല. അവസാന ഓവറിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് 17 റൺസ് വേണമായിരുന്നു. യഷ് ദയാൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ ധോണി സിക്സടിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ അടുത്ത പന്തിൽ ധോണിയെ സ്വപ്നിൽ സിംഗിന്റെ കൈയിൽ എത്തിച്ച് യഷ് ബംഗളൂരുവിന് ബ്രേക്ക് ത്രൂനൽകി. തുടർന്നുള്ള 4 പന്തിൽ നിന്ന് 1 റൺസ് മാത്രം വഴങ്ങിയ യഷ് ബംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. യഷ് 2 വിക്കറ്റ് വീഴ്ത്തി. ഓപ്പണർ രചിൻ രവീന്ദ്രയാണ് (37 പന്തിൽ 61)യാണ് ചെന്നൈയുടെ ടോപ് സ്കോറർ. രഹാനെ 33 റൺസ് നേടി. ഒരു ഘട്ടത്തിൽ അവസാന സ്ഥാനത്തായിരുന്ന ആർ.സി.ബി തുടർച്ചയായ 6 ജയം നേടിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്താണവർ.
അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസ് (39 പന്തിൽ 54), വിരാട് കൊഹ്ലി (29 പന്തിൽ 47), രജത് പട്ടീദാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (പുറത്താകാതെ 17 പന്തിൽ 38), ദിനേഷ് കാർത്തിക് (6 പന്തിൽ 14), ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 16) എന്നിവരെല്ലാം ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി. ഓപ്പണർമാരായ കൊഹ്ലിയും ഡുപ്ലെസിസും നല്ല തുടക്കമാണ് ബംഗളൂരുവിന് നൽകിയത്. രണ്ടാം ഓവർ മുതൽ ഇരുവരും അടിതുടങ്ങി. 3 ഓവറിൽ ബംഗളൂരു വിക്കറ്റ് നഷ്ടമില്ലാതെ 31ൽ എത്തിയപ്പോൾ മഴമൂലം മത്സരം നിറുത്തി വച്ചു. അരമണിക്കൂറിന് ശേഷമാണ് പുനരാരഭിച്ചത്.
ഒന്നാം വിക്കറ്റിൽ ഇരുവരും 78 റൺസിന്റെ കൂട്ടുകട്ടുണ്ടാക്കി. കൊഹ്ലിയെ പുറത്താക്കി സാന്റ്നറാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം വിക്കറ്റിൽ ഫാഫും ഗ്രീനും 28 പന്തിൽ കൂട്ടിച്ചേർത്ത 71 റൺസാണ് ബംഗളൂരു ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ചെന്നൈയ്ക്കായി ഷർദ്ദുൽ 2 വിക്കറ്റ് വീഴ്ത്തി.