പത്തനംതിട്ട: വൻതുക പിരിവുചോദിച്ച് പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കരാറുകാരന്റെ പരാതിയെത്തുടർന്നാണ് നടപടി. പിരിവ് ചോദിച്ചെന്നും അത് നൽകാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്‍റെ പരാതി.
ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്കെതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് നേതാക്കൾ പ്രശ്നമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഭക്തരിൽ ചിലർ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരൻ ആരോപിക്കുന്നത്. നേതാക്കൾ പിരിവിനായി ക്ലോക്ക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കരാറുകാരൻ നേരത്തേ പുറത്തുവിട്ടിരുന്നു.
അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്കൊപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും അവർ പറഞ്ഞു.അതിനിടെ, തമിഴ്‌നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ വാഹനത്തിന് മേൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. കഴിഞ്ഞദിവസം പത്തനംതിട്ട മാടമണ്ണിലായിരുന്നു സംഭവം. ദർശനം കഴിഞ്ഞ് തിരിച്ചുപോകവെ റോഡുവക്കിൽ നിന്ന മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസിന്റെ ചില്ലിന് കേടുപാടുണ്ടാവുകയും ഡ്രൈവർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. അപകടസമയം ചെറിയ കാറ്റും മഴയും ഉണ്ടായിരുന്നു.