വൈകിയാണ് മാമ്പഴക്കാലം എത്തിയത്. എങ്കിലും ചാലക്കുടിയുടെ തെരുവോരങ്ങൾക്ക് മാമ്പഴത്തിന്റെ മണവും മധുരവുമുണ്ട്. രാസപദാർത്ഥങ്ങൾ ചേർത്ത മാമ്പഴങ്ങൾ ഉപേക്ഷിച്ച് തെരുവോരത്തെ വിപണി തേടിയെത്തുകയാണ് നാട്ടുകാർ. രുചിയുടെ കേമൻ പ്രിയൂരാണ് ഏവർക്കും പ്രിയം. കിലോയ്ക്ക് 80 മുതൽ നൂറു രൂപ വരെ വിലയുണ്ട്. മുന്തിയ പ്രിയൂരിന് ഷോപ്പുകളിൽ വില കൂടുതലുമാണ്.
മേലൂരിലെ കാർഷിക മേഖലയിൽ നിന്നും ധാരാളം പ്രിയൂർ മാങ്ങകൾ വെട്ടുകടവ് റോഡിൽ വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്. തോട്ടങ്ങളിലെ മാവുകൾ മൊത്ത വിലയ്‌ക്കെടുത്തവരാണ് ആവശ്യത്തിന് പറിച്ചെടുത്ത് വിൽക്കുന്നത്. പോട്ട അതിരപ്പിള്ളി റോഡിലും വിൽപ്പന കേന്ദ്രങ്ങളുണ്ട്. മാമ്പഴ വിളവ് ഇക്കുറി നന്നേ കുറവായിരുന്നു.
ഡിസംബറിൽ കാലംതെറ്റി പെയ്ത മഴ മാമ്പൂക്കളെ തല്ലിക്കൊഴിച്ചു. വീണ്ടും തലനീട്ടിയ പൂക്കൾക്ക് കനത്ത വെയിലും വെല്ലുവിളിയായി. ഇതോടെ മാമ്പഴക്കാലം ശോഷിച്ചു. പ്രിയൂർ മാങ്ങകൾക്കാകട്ടെ വേനൽ മഴയില്ലാത്തത് അനുഗ്രഹവുമായി. അതിനാൽ പുഴു കയറാത്ത മാങ്ങയാണ് ഇക്കുറി ലഭിക്കുന്നത്.മൂവാണ്ടനും വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്. കോമാങ്ങ, മലങ്കോവ തുടങ്ങിയ ഇനങ്ങൾ ഇക്കുറി കാണാനുമില്ല. വർഷങ്ങൾക്ക് മുമ്പ് പോയി മറഞ്ഞ വട്ടമാങ്ങയാകട്ടെ പുതുതലമുറയ്ക്ക് കേട്ടറിവുമാണ്. നിരത്തുകളിലെ കച്ചവടത്തിൽ ഓരോരുത്തർക്കും 150 കിലോ വീതം ശരാശരി വിൽപ്പന നടക്കുന്നുണ്ട്. പത്തോളം തെരുവുകച്ചവടക്കാരാണ് ചാലക്കുടിയിലുള്ളത്. പ്രിയൂർ മാങ്ങയ്ക്ക് കിലോയ്ക്ക് 80 രൂപ മുതൽ 100 രൂപ വരെയും മൂവാണ്ടന് 40 രൂപ മുതൽ 50 രൂപ വരെയുമാണ് ചാലക്കുടിയിലെ വില.
അതേസമയം, വീട്ടുവളപ്പിലെ 'സിന്ദൂരം' നാട്ടുമാവിൽ 550 ഇനം മാങ്ങ പിടിക്കുന്നത് കാത്തിരിക്കുകയാണ് തൃശൂർ വെസ്റ്റ് വെള്ളാനിക്കര സ്വദേശി അനീഷ്. ഒമ്പതു കൊല്ലം മുമ്പ് അനീഷ് നട്ട 'സിന്ദൂര'ത്തിൽ മൂന്നു വർഷംകൊണ്ട് 550 ഇനം മാവിന്റെ ചില്ലകൾ ബഡ് ചെയ്തു. അതിൽ15 ഇനം കായ്ച്ചു. രണ്ടു കൊല്ലംകൂടി കഴിയുമ്പോൾ എല്ലാം ഒരുമിച്ച് പൂക്കുമെന്നും കായ്ക്കുമെന്നുമാണ് പ്രതീക്ഷ.
വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ബഡിംഗ് തൊഴിലാളിയായ എം.വി.അനീഷ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്ന് ശേഖരിച്ച മാങ്കൊമ്പുകളാണ് ഈ 42കാരൻ ബഡ് ചെയ്തത്. സർദാർ വല്ലഭായി പട്ടേൽ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെയാണിതെന്നാണ് അനീഷ് പറയുന്നത്. അതിനാൽ, പട്ടേൽ അഖണ്ഡഭാരത് മാംഗോ എന്നാണ് പേര്. ചന്ദ്രക്കാരൻ, പെരുമ്പുളിശ്ശേരി, പ്രിയൂർ, കേസർ, പുളിയൻ, നടശാല, കോട്ടപറമ്പൻ തുടങ്ങി പേരറിയുന്നതും അറിയാത്തവയുമുണ്ടിതിൽ. കാർഷിക സർവകലാശാലയിൽ നിന്നാണ് 200 ഇനം ശേഖരിച്ചത്.