f

പ്രയാഗ്‌‌രാജ് (യു.പി):​ കോൺഗ്രസ്,​ സമാജ്‌വാദി പാർട്ടി പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ തിര‌ഞ്ഞെടുപ്പ് പ്രചാരണ റാലി ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും. സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും പ്രവർത്തകരെ അഭിസംബോധന ചെയ്യാതെ മടങ്ങിയത്.

പ്രയാഗ്‌രാജിലെ ഫുൽപുർ ലോക്‌സഭാ മണ്ഡലത്തിലെ പദിലയിൽ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് സംഭവം. രാഹുലും അഖിലേഷും ഉൾപ്പെടെയുള്ള നേതാക്കൾ ഇരുന്ന വേദിക്ക് അരികിലെത്താൻ പ്രവർത്തകർ ശ്രമിച്ചതാണ് കാരണം. പ്രവർത്തകർ കൂട്ടത്തോടെ വേദിക്ക് സമീപത്തേക്ക് പാഞ്ഞതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. തിക്കും തിരക്കും കൂട്ടിയവരോട് ശാന്തരായിരിക്കാൻ രാഹുലും അഖിലേഷും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനുമായില്ല. തുട‌ർന്ന് രാഹുലും അഖിലേഷും വേദിയിൽ വച്ച് പരസ്പരം കൂടിയാലോചിച്ച് വലിയ അപകടത്തിലേക്കു പോകാതിരിക്കാൻ വേദി വിടുകയായിരുന്നു.

പിന്നാലെ അലഹബാദ് ലോക്‌സഭാ മണ്ഡലത്തിലെ മുംഗാരിയിൽ റാലിക്കുപോയ രാഹുലിനും അഖിലേഷിനും അവിടെയും സമാന അനുഭവം നേരിടേണ്ടിവന്നു. നേതാക്കളെ കാണാൻ ബാരിക്കേഡുകൾ തകർത്ത ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്ടിച്ചു. എങ്കിലും മുംഗാരിയിലെ റാലിയിൽ നിന്ന് രാഹുലും അഖിലേഷും പിന്മാറിയില്ല.