fi

ഇന്ത്യയിൽ നിന്നും ചൈനയിലേക്ക് പണം തിരിച്ചൊഴുകുന്നു

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തിയാർജിക്കുന്നു. മേയ് മാസത്തിൽ ഇതുവരെ വിദേശ നിക്ഷേപകരും ഹെഡ്ജ് ഫണ്ടുകളും 28,000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും പൊതുതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അനിശ്ചിതത്വവുമാണ് നിക്ഷേപകരുടെ വിശ്വാസം നഷ്ടമാക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ഏപ്രിലിലും വിദേശ നിക്ഷേപകർ 8,675 കോടി രൂപ പിൻവലിച്ചിരുന്നു.

ഹാേങ്കോംഗിലെ പ്രധാന സൂചികയായ ഹാംഗ് സെംഗ് കഴിഞ്ഞ മാസം ഇരുപത് ശതമാനം വളർച്ച നേടിയതോടെ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും പണം അവിടേക്ക് മാറ്റിയെന്ന് ബ്രോക്കർമാർ പറയുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സുസ്ഥിരത സംബന്ധിച്ച ആശങ്കകൾ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഉൗർജം പകരുകയാണെന്നും വ്യാപാരികൾ പറയുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കാണ് ഒരു പരിധി വരെ ഇന്ത്യൻ വിപണിയെ പിടിച്ചുനിൽക്കാൻ സഹായിച്ചത്. സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ ചെറുകിട നിക്ഷേപകർ പ്രതിമാസം 20,000 കോടി രൂപയ്ക്കടുത്ത് വിപണിയിൽ എത്തിച്ചതോടെ പ്രധാന ഓഹരി സൂചികകൾ കാര്യമായ നഷ്ടമില്ലാതെ വാരം പിന്നിട്ടു.