കൊച്ചി: കഴിഞ്ഞ വാരം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത മുൻനിര ഏഴ് ഓഹരികളുടെ വിപണി മൂല്യത്തിൽ 1.47 ലക്ഷം കോടി രൂപയുടെ വർദ്ധന ദൃശ്യമായി. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി), റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ വിപണി മൂല്യം ഇക്കാലയളവിൽ 40,163 കോടി രൂപയുടെ വർദ്ധനയോടെ 6.16 ലക്ഷം കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 36,476 കോടി രൂപ ഉയർന്ന് 19.41 ലക്ഷം കോടി രൂപയിലെത്തി. ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി, എസ്.ബി.ഐ എന്നിവയാണ് വിപണി മൂല്യത്തിൽ മികച്ച വളർച്ച നേടിയ മറ്റ് കമ്പനികൾ.