upi

കൊച്ചി: ഒരു ചായ കുടിച്ചാല്‍പ്പോലും ഇപ്പോള്‍ യുപിഐ വഴിയാണ് സാധാരണക്കാരന്‍ പണം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തെരുവ് കച്ചവടക്കാര്‍ക്കും പോലും പണം നല്‍കുന്നത് യുപിഐ ഉപയോഗിച്ച് തന്നെ. ഡിജിറ്റല്‍ ഇന്ത്യ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംവിധാനം പക്ഷേ അധികം വൈകാതെ സാധാരണക്കാരന്‍ ഉപേക്ഷിക്കേണ്ടി വരും. പണമായി ചെലവാക്കുന്നതില്‍ കൂടുതല്‍ തുക ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ വഴി ഉപയോഗിക്കപ്പെടുന്നത് തന്നെയാണ് ഇതിന് കാരണം.

പണം ചിലവാക്കാനുള്ള മനോഭാവം യുപിഐ പണമിടപാടുകളില്‍ നേരിട്ട് പണം ചെലവാക്കുന്നതിലും കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കയ്യിലുള്ള കറന്‍സി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി കടകളിലും മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കുമ്പോഴുള്ള വിഷമം യുപിഐ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്നില്ല. ഇതുകാരണം പണം ചിലവഴിക്കാനുള്ള ത്വര കൂടുതലുമാണ്.ഇന്ത്യയില്‍ 74 ശതമാനം പേരും ഇങ്ങനെ യുപിഐ വഴി അമിത ചെലവ് നടത്തുന്നുണ്ടെന്നാണ് ഐ ഐ ടി ഡല്‍ഹി നടത്തിയ ഒരു പഠനം പറയുന്നത്.

അതായത് അറിയാതെ ചെലവ് ചെയ്യാനുള്ള പ്രവണത കൂട്ടാന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കാരണമാകുന്നുണ്ട്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടനടി പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് പോകുന്നതും ഒടിപിയോ, ഇന്റര്‍നെറ്റോ വേണ്ടാത്ത പണമിടപാടുകള്‍ കൂടുന്നതും സൗകര്യം കൂട്ടുന്നതോടൊപ്പം പോക്കറ്റും കാലിയാക്കും എന്ന് ചുരുക്കം. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ വഴി വായ്പയെടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുമ്പ് വായ്പയെടുക്കാന്‍ ബാങ്കുകളില്‍ നേരിട്ട് പോകണമായിരുന്നെങ്കില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി എല്ലാം വളരെ എളുപ്പത്തില്‍ നടക്കുന്നുണ്ട്. ബാങ്കില്‍ പോകുന്ന സമയം, അപേക്ഷ സമര്‍പ്പിക്കല്‍ മറ്റ് നൂലാമാലകള്‍ തുടങ്ങിയവ ഒഴിവായിക്കിട്ടുമെന്നതിനാലും ഉടനടി പണം അക്കൗണ്ടില്‍ എത്തുമെന്നതിനാലും ഉയര്‍ന്ന പലിശ നല്‍കിയും പ്രൊസസിംഗ് ഫീസായി വലിയ തുക നല്‍കാന്‍ പോലും തയ്യാറായും ആളുകള്‍ ഓണ്‍ലൈന്‍ ലോണുകളിലേക്ക് തിരിയുന്നു. ഇടയ്ക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്.