roh

മുംബയ്: ഐ.പി.എല്ലിന്റെ ഔദ്യോഹിക ബ്രോഡ്‌കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സ് ചാനലിനെതിരെ കടുത്ത വിമർശനവുമായി മുംബയ് ഇന്ത്യൻസ് മുൻ ക്യാപ്ടൻ രോഹിത് ശർമ്മ. സ്വകാര്യതയിൽ കടന്നുകയറുന്നുവെന്നും സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ അനുവാദമില്ലാതെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സ്റ്റാർ സ്പോർട്സ് പങ്കുവയ്ക്കുകയാണെന്നും തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ രോഹിത് കുറിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് കോച്ച് അഭിഷേക് നായരും രോഹിതും തമ്മിലുള്ള സംഭാഷണം വൈറലായതാണ് താരത്തെ ചൊടിപ്പിച്ചത്. മുംബയിൽ രോഹിത് അസ്വസ്ഥനാണെന്നുള്ള പ്രചാരണങ്ങൾ ശരിവയ്ക്കുന്ന രീതിയിലായിരുന്നു വീഡിയോയിൽ രോഹിതിന്റെ വാക്കുകൾ. റീച്ച് കിട്ടാനും വൈറൽ വീഡിയോകൾക്കുമായി സ്വകാര്യതയിലേക്ക് കടന്നു കയറുന്നവർ സാമാനയ ബുദ്ധിയും മര്യാദയും പാലിക്കണമെന്നും രോഹിത് എക്സിൽ കുറിച്ചു.