ഗുവാഹത്തി: ഐപിഎല്‍ ലീഗ് ഘട്ടത്തിലെ അവസാന പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചു. രണ്ട് ടീമുകളും പോയിന്റ് പങ്കിട്ടപ്പോള്‍ നഷ്ടം രാജസ്ഥാന്‍ റോയല്‍സിന്. ഇന്നത്തെ മത്സരം ജയിച്ചിരുന്നുവെങ്കില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാനും ക്വാളിഫയര്‍ വണ്‍ കളിക്കാനും അവസരം ലഭിക്കുമായിരുന്നു. 17 പോയിന്റ് ആണ് ഹൈദരാബാദിനും ഉള്ളതെങ്കിലും രാജസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അവര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പ്ലേ ഓഫിലേക്ക് മുന്നേറിയവര്‍: 1. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 3. രാജസ്ഥാന്‍ റോയല്‍സ് 4. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
പ്ലേ ഓഫില്‍ ഒന്നാം ക്വാളിഫയറില്‍ 21ന് അഹമ്മദാബാദില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീം നേരെ ഫൈനലിലേക്ക് കടക്കും. തോല്‍ക്കുന്ന ടീമിന് രണ്ടാമത് ഒരു അവസരം കൂടി ലഭിക്കും. മൂന്ന് നാല് സ്ഥാനങ്ങളിലുള്ള രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടാന്‍ അവസരം ലഭിക്കും.
രാജസ്ഥാനെ സംബന്ധിച്ച് സീസണില്‍ ആദ്യ ഒമ്പത് മത്സരങ്ങളില്‍ എട്ടെണ്ണം വിജയിച്ച് ടോപ് 2 ഫിനിഷിന് സാദ്ധ്യതയുണ്ടായിരുന്നുവെങ്കിലും അവസാനം കളിച്ച നാല് മത്സരങ്ങള്‍ തുടരെ തോറ്റതും ഇന്ന് അഞ്ചാമത്തെ മത്സരം മഴ കാരണം ഉപേക്ഷിച്ചതുമാണ് വിനയായത്. നിലവിലെ ഫോം അനുസരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ മറികടക്കാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടി വരും.
ഐപിഎല്‍ ശേഷിക്കുന്ന മത്സരക്രമം ഇങ്ങനെ
മേയ് 21: കൊല്‍ക്കത്ത - ഹൈദരാബാദ്
മേയ് 22: രാജസ്ഥാന്‍ - ബംഗളൂരു
മേയ് 24: ക്വാളിഫയര്‍ രണ്ട്
മേയ് 26: ഫൈനല്‍
(ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ അഹമ്മദാബാദിലും ക്യാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങള്‍ ചെന്നൈയിലും നടക്കും)