love

സൗഹൃദം പലപ്പോഴും ജീവിതത്തില്‍ പ്രണയത്തിലേക്ക് വഴി മാറാറുണ്ട്. ചിലര്‍ മനസ്സിലെ പ്രണയം സുഹൃത്തിനോട് തുറന്ന് പറയാതെ ഉള്ളില്‍ക്കൊണ്ട് നടക്കുമ്പോള്‍ മറ്റ് ചിലര്‍ ധൈര്യത്തോടെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയും. തുറന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ സൗഹൃദം പോലും നഷ്ടമാകുമോയെന്ന ഭയമാണ് പലരും തുറന്ന് പറച്ചിലിന് തയ്യാറാകാത്തതിന് കാരണം.

ജീവിതത്തില്‍ ഒരു സുഹൃത്തിനെ പിന്നീട് പ്രണയിക്കുന്നതും അവര്‍ക്കൊപ്പം ജീവിതം പങ്കിടുന്നതും വളരെ മികച്ച ഒരു അനുഭവമാണെന്ന് പറയപ്പെടാറുണ്ട്. എന്നാല്‍ നമുക്ക് തോന്നുന്ന പ്രണയം അവര്‍ക്ക് തിരിച്ച് ഉണ്ടോ എന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. ഇനി സുഹൃത്തിന് അങ്ങനെയൊരു ഇഷ്ടം തന്നോട് ഇല്ലെങ്കിലോ എന്ന ഭയവും പലപ്പോഴും തുറന്ന് പറച്ചിലുകളുടെ സാദ്ധ്യത അടയ്ക്കുന്നു.

തുറന്ന് പറയാതെയും അറിയാതെയും ജീവിതകാലം മുഴുവന്‍ നഷ്ടബോധവും പേറി നടക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും അതുപോലെ തന്നെ സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സുഹൃത്ത് നിങ്ങളറിയാതെ രഹസ്യമായി നിങ്ങളെ പ്രണയിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നിങ്ങളെ അഭിമുഖീകരിച്ചാണോ ഒഴിവാക്കിയാണോ നില്‍ക്കുന്നതെന്ന് പരിശോധിക്കണം. നിങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി നില്‍ക്കുന്നുവെങ്കില്‍ ന്യായമായും ആ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടെന്ന് സംശയിക്കാം.

നിങ്ങളെ പ്രണയിക്കുന്നുണ്ടെങ്കില്‍ ഏതൊരു ആള്‍ക്കൂട്ടത്തിനിടയിലും നിങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയാലും അവരുടെ കണ്ണുകള്‍ ഇടയ്ക്കിടെ നിങ്ങളെ തിരയുകയും കാണുമ്പോള്‍ നോക്കുകയും ചെയ്യും. കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതിരിക്കുക, മുഖം ചുവന്ന് തുടുക്കുക തുടങ്ങിയവയെല്ലാം രഹസ്യമായി പ്രണയിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പരിചയപ്പെട്ടത് മുതലുള്ള പഴയ കാര്യങ്ങള്‍ നന്നായി ഓര്‍ത്ത് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കില്‍ അത് പ്രണയത്തിലേക്കുള്ള മാറ്റമാകാന്‍ സാദ്ധ്യതയുണ്ട്. അതോടൊപ്പം വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ക്ഷമ ചോദിക്കുന്നതും പ്രണയത്തിന്റെ സൂചനകളാണ്.