പൊന്‍കുന്നം : കോടികള്‍ ചെലവഴിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് കുളംതോണ്ടാന്‍ വാട്ടര്‍അതോറിട്ടി വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ. ജനം ഇങ്ങനെ ചോദിച്ച് തുടങ്ങിയാല്‍ കുറ്റം പറയാനാകില്ല. ദേശീയപാതയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാട്ടര്‍അതോറിട്ടിയുടെ ക്രൂരവിനോദം. പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുക്കും. അത് കഴിഞ്ഞാല്‍ തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും.
ഇതിന്റെ ദുരിതം പേറുന്നത് യാത്രക്കാരാണ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടമുറപ്പാണ്. കെ.വി.എം.എസ്.കവലയില്‍ പൈപ്പ് സ്ഥാപിച്ചിടത്ത് മണ്ണിട്ട് മൂടിയ ഭാഗത്താണ് ഇപ്പോള്‍ അപകടസാദ്ധ്യത. മഴവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ച് റോഡിലൂടെ പരന്നൊഴുകുകയാണ്. കെ.വി.എം.എസ്.ജംഗ്ഷന്‍ മുതല്‍ ഇന്‍ഡ്യന്‍ ഓയില്‍ പമ്പ് വരെ റോഡിലൂടെ നടക്കാന്‍ കഴിയത്ത അവസ്ഥ. മണ്ണില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. ഈ ഭാഗത്ത് നിരവധി കുഴികളാണെടുത്തത്. കുഴിയും, മുഴയുമായി റോഡ് നശിച്ചു.
റോഡില്‍ നിറയെ ഉരുളന്‍ കല്ലുകള്‍
ഓടയുടെ മുകളില്‍ മണ്ണ് നിരന്നു കിടക്കുന്നതിനാല്‍ മഴവെള്ളം ഓടയില്‍ വീഴില്ല. റോഡിലും വശങ്ങളിലും ഉരുളന്‍ കല്ലുകളാണ് കിടക്കുന്നത്. കുഴിയെടുത്ത ഭാഗം ശരിയായ രീതിയില്‍ മൂടാത്തതിനാല്‍ ദേശീയപാതയില്‍ നിന്ന് കെ.വി.എം.എസ്.റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടാണ്. ദേശീയ പാതയിലെ മണ്ണ് ഉറപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
''അടിക്കടി ദേശീയപാത കുഴിച്ച് അപകടക്കെണിയൊരുക്കുന്നത് വാട്ടര്‍അതോറിട്ടി അവസാനിപ്പിക്കണം. തുടര്‍ച്ചായി കുത്തിപൊളിക്കുന്നത് റോഡ് തകര്‍ച്ചയ്ക്കിടയാക്കും. ഇക്കാര്യത്തില്‍ ജനപ്രതിനിധികളടക്കം ഇടപെട്ട് പരിഹാരം കാണണം.
-ഗോപാലകൃഷ്ണന്‍, പൊന്‍കുന്നം