pic

ബ്രാറ്റിസ്ലാവാ: അക്രമിയുടെ വെടിയേറ്റ സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോയുടെ (59) നിലയിൽ പുരോഗതി. അദ്ദേഹം ഗുരുതരാവസ്ഥയിലാണെങ്കിലും ഭാഗികമായി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഫിറ്റ്‌സോ തീവ്രപരിചരണ വിഭാഗത്തിൽ തുടരും.

ബുധനാഴ്ചയാണ് ഹാൻ‌‌ഡ്‌ലോവ നഗരത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫിറ്റ്‌സോയ്ക്ക് നേരെ വധശ്രമമുണ്ടായത്. ക്ലോസ് റേഞ്ചിൽ അഞ്ച് തവണ വെടിയേറ്റ അദ്ദേഹത്തിന്റെ നെഞ്ചിലും വയറ്റിലും കാലിലും ആഴത്തിലുള്ള പരിക്കുണ്ട്. ബുധനാഴ്ച,​ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് പിന്നാലെ വെള്ളിയാഴ്ചയും ഫിറ്റ്‌സോയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.

നിലവിൽ ഹാൻ‌‌ഡ്‌ലോവയ്ക്ക് കിഴക്കുള്ള ബാൻസ്ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലുള്ള അദ്ദേഹത്തെ തലസ്ഥാനമായ ബ്രാറ്റിസ്ലാവായിലേക്ക് മാറ്റുന്നതിൽ തീരുമാനമായിട്ടില്ല. ഫിറ്റ്‌സോയെ വെടിവച്ച 71കാരനെ പൊലീസ് പിടികൂടിയിരുന്നു.