raisi

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി(63)​ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇബ്രാഹീം റൈസിയടക്കം ഒൻപതുപേർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്‌ട ഭാഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരണം വന്നത്. പതിനാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇറാൻ ദേശീയമാദ്ധ്യമം ഐ‌ആർഎൻ‌എ മരണവിവരം സ്ഥിരീകരിച്ചത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. റൈസിക്കൊപ്പം ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്‌ദൊള്ളാഹിയാനും ഹെലികോപ്‌റ്ററിലുണ്ടായിരുന്നു.

ഇറാൻ അസർബൈജാൻ അതിർത്തിയിൽ ഖോദ അഫ്രിൻ മേഖലയിൽ സംയുക്തമായി നിർമ്മിച്ച ഡാം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു റൈസി. അസർബൈജാൻ പ്രസിഡന്റ് ഇൽഹം ആലിയേവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റൈസിയുടെ ഹെലികോപ്‌റ്റർ അപകടത്തിൽ പെട്ടത്.

പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ മൂന്ന് ഉദ്യോഗസ്ഥർ, ഒരു ഇമാം, വിമാന ജീവനക്കാരും പ്രസിഡന്റിന്റെ സുരക്ഷാ ജീവനക്കാരുമടക്കം ഒൻപത് പേരാണ് യാത്ര ചെയ്തിരുന്നത്. ഇവരിലാരും രക്ഷപ്പെട്ടില്ല.

നേരത്തെ റൈസിയുടെ അപകട വാർത്തയറിഞ്ഞ ആശങ്കയിൽ ഇറാനിലെമ്പാടും പ്രാർത്ഥനകൾ തുടങ്ങിയിരുന്നു. ഇറാൻ ടെലിവിഷൻ മറ്റെല്ലാ പരിപാടികളും നിർത്തിവച്ച് പ്രാർത്ഥനയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്‌തത്. കനത്ത മഴയും കാറ്റും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. റഷ്യയും തുർക്കിയുമടക്കം ഇറാന് സഹായവുമായെത്തി. തുർക്കിയുടെ ഡ്രോണാണ് അപകടസ്ഥലത്ത് കത്തിയ നിലയിലെ ദൃശ്യങ്ങൾ ആദ്യം നൽകിയത്. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.

സംഘത്തിലെ മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ ഈ സമയം സുരക്ഷിതമായി നിലത്തിറക്കിയെന്ന് ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വഹീദി ദേശീയ ടെലിവിഷനോട് പറഞ്ഞു. ഇറാന്റെ കോപ്റ്ററുകളും സൈനിക വിമാനങ്ങളും കൂടുതലും പഴഞ്ചനാണ്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുള്ള ഇവയുടെ സ്‌പെയർ പാർട്ടുകൾ ഇപ്പോൾ ലഭ്യമല്ല. പാശ്ചാത്യ ഉപരോധം കാരണം ആധുനികവൽക്കരണവും ഇഴയുകയാണ്. പ്രസിഡന്റിന്റെ കോപ്റ്ററിനും കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്.