ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ഒന്നാണ് മെട്രോ ട്രെയിനുകൾ. ഡൽഹിയിലെ തിരക്ക് പിടിച്ച ജീവിതത്തിൽ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു ഗതാഗത മാർഗം കൂടിയാണിത്. എന്നാൽ അടുത്തിടെ നിരവധി കാരണങ്ങളാൽ ഡൽഹി മെട്രോ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം, റീൽസ് ചിത്രീകരണം, തിരക്ക് എന്നിങ്ങനെയുള്ളവയാണ് അതിന് പ്രധാന കാരണം. ഇപ്പോഴിതാ വിണ്ടും അത്തരത്തിൽ ഡൽഹി മെട്രോ വാർത്തകളിൽ നിറയുകയാണ്. ഡൽഹി മെട്രോ ട്രെയിനിനുള്ളിലെ ഒരു യുവതിയുടെ നൃത്തമാണ് ഇതിന് കാരണം. 'മനീഷാ ഡാൻസർ' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു യുവതി വളരെ മോശമായ രീതിയിൽ മെട്രോ ട്രെയിനിനുള്ളിൽ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ നിൽക്കുന്ന ഒരു സ്ത്രീയുടെ മുന്നിലാണ് മനീഷ നൃത്തം ചെയ്യുന്നത്. വെറെയും യാത്രക്കാരെ വീഡിയോയിൽ കാണാം.
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലായിരുന്നു മനീഷയുടെ നൃത്തം. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ നിരവധി പേരാണ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് യാത്രക്കാർക്ക് ശല്യമാകുകയാണ് ഈ യുവതിയെന്നും ഇത്തരം പെരുമാറ്റം പൊതുഗതാഗത്തിൽ ആവർത്തിക്കരുതെന്നും പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. 'അശ്ലീലം' എന്നായിരുന്നു പലരും വീഡിയോ കണ്ടിട്ട് കുറിച്ചത്. ചിലർ യുവതിക്കെതിരെ കേസ് എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
'ഇത്തരം സംഭവങ്ങൾ തടയാൻ ഓരോ കമ്പാർട്ടുമെന്റിലും പൊലീസിനെ നിർത്തുക', വെറുപ്പുള്ളവാക്കുന്ന ഇത്തരം വീഡിയോകൾക്ക് എതിരെ കർശന നടപടിയെടുക്കണം', 'യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവൃത്തികൾ നടക്കാതിരിക്കാൻ മുൻകരുതൽ എടുക്കണം' ഇങ്ങനെ പോകുന്നു കമന്റുകൾ. നിരവധി പേർ മെട്രോയുടെ ഔദ്യോഗിക പേജിനെയും റെയിൽവേയുടെ പേജിനെയും മെൻഷൻ ചെയ്ത് വീഡിയോയ്ക്ക് എതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ മെട്രോ അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
മനീഷാ ഡാൻസർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വേറെയും ഡാൻസ് വീഡിയോകൾ ഉണ്ട്. ഇതിൽ ട്രെയിനിനുള്ളിൽ ചിത്രീകരിച്ച നിരവധി വീഡിയോകൾ കാണാം. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് മനീഷ. മുംബയ് സ്വദേശിയാണ് യുവതിയെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിൽ മനീഷയ്ക്ക് രണ്ട് മില്യൺ ഫോളോവേഴ്സ് ഉണ്ട്.