money

ദുബായ്: ദുബായി ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ഒരു ഇന്ത്യൻ വനിതയ്ക്കാണ്. നറുക്കെടുപ്പിലൂടെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് പഞ്ചാബ് സ്വദേശിനിയായ പായലാണ്. യുവതിയുടെ 3337 നമ്പരുളള ടിക്ക​റ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളറാണ് ( ഏകദേശം 8,32,00000 കോടി രൂപ) സമ്മാനത്തുക.

പായൽ ഈ മാസം മൂന്നിനാണ് ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഭർത്താവായ ഹാർനെക് സിംഗ് 16-ാം വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയ പണം ഉപയോഗിച്ചാണ് ടിക്ക​റ്റ് വാങ്ങിയതെന്നും പായൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കഴിഞ്ഞ മാസം 20ന് ഞങ്ങളുടെ വിവാഹവാർഷികമായിരുന്നു. ഭർത്താവ് എനിക്ക് സമ്മാനമായി തന്ന 1000 ദിർഹം ഉപയോഗിച്ചാണ് ടിക്ക​റ്റ് വാങ്ങിയത്. ഓൺലൈനിൽ നോക്കിയപ്പോൾ ഏ​റ്റവും കൂടുതൽ തവണ മൂന്ന് എന്ന് വന്ന ടിക്ക​റ്റ് ഞാൻ തിരഞ്ഞെടുക്കുകയായിരുന്നു' -പായൽ പറഞ്ഞു.

'കഴിഞ്ഞ 12 വർഷമായി ഞങ്ങൾ ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. കുടുംബത്തോടൊപ്പം യാത്രകൾ നടത്തുമ്പോഴെല്ലാം ഞാൻ ഭർത്താവിന്റെയും മക്കളുടെയും പേരിൽ ടിക്ക​റ്റുകൾ മാറിമാറി വാങ്ങുമായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ തവണ ദുബായ് എയർപോർട്ടിൽ നിന്നും ഞങ്ങൾ ടിക്ക​റ്റ് വാങ്ങിയിട്ടുണ്ട്.എന്നാൽ ഇത് ആദ്യമായാണ് ടിക്ക​റ്റ് ഓൺലൈനായി വാങ്ങിയത്. ഭർത്താവ് സമ്മാനിച്ച പണം കൊണ്ട് ഞങ്ങൾ കോടീശ്വരൻമാരായി' -പായൽ പറഞ്ഞു.

സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനായി മ​റ്റിവയ്ക്കുമെന്ന് യുവതി പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന തന്റെ സഹോദരനെ സഹായിക്കും. ബാക്കി തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാ​റ്റി വയ്ക്കും. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും യുവതി വ്യക്തമാക്കി.

ദമ്പതികൾക്ക് 14 വയസുളള ഇരട്ടകളായ ആൺകുട്ടികളുണ്ട്. ടിക്ക​റ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് യുവതിയും കുടുംബവും പഞ്ചാബിലായിരുന്നു. ഡ്യൂട്ടി ഫ്രീ സംഘാടകർ വിവരം വിളിച്ചുപറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഹാർനെക് സിംഗും പറഞ്ഞു. മില്ലേനിയം മില്യണയറായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിൽ നിന്നുളള 229-ാം വ്യക്തിയാണ് പായൽ.


1999 മുതലാണ് ദുബായിൽ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് നടന്നുവരുന്നത്. 5000 ടിക്ക​റ്റ് ഉടമകൾക്കാണ് ഒരു സമയം അവസരം ലഭിക്കാറുളളത്. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്നത് ഇന്ത്യൻ പൗരൻമാരാണെന്നും ഡ്യൂട്ടി ഫ്രീ സംഘാടകർ വ്യക്തമാക്കി.