beauty

പല വിലയിൽ പല തരത്തിലുള്ള കൺമഷികളും ഐലൈനറുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവയിൽ കാൻസറിന് പോലും കാരണമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വളരെ വിലകൊടുത്ത് വിഷം വാങ്ങി ഉപയോഗിക്കുന്നതിന് പകരം കെമിക്കലുകൾ യാതൊന്നുമില്ലാത്ത കൺമഷിയും ഐലൈനറും നിങ്ങൾക്ക് വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഇവ വാട്ടർ പ്രൂഫാണ്. ഒപ്പം കണ്ണിന് കുളിർമയും നൽകും. കൺമഷി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചിരാത് - 4 എണ്ണം

വിളക്ക് തിരി - എട്ടെണ്ണം

നെയ്യ് - ആവശ്യത്തിന്

ബദാം - 3 എണ്ണം

കറ്റാർവാഴ ജെൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാല് മൺ ചിരാതിലും കട്ടിയിൽ തിരിയിട്ട് നെയ് ഒഴിച്ച് ചതുരാകൃതിയിൽ ചേർത്ത് വയ്‌ക്കുക. ഇങ്ങനെ ചേർത്ത് വയ്‌ക്കുന്നതിലൂടെ നാല് തിരിയിൽ നിന്നും തീ ഒന്നിച്ച് കത്തുന്നത് കാണാം. സൈഡിൽ ഉയരം കിട്ടാനായി ഗ്ലാസോ ചെറിയ പാത്രമോ വയ്‌ക്കുക. ശേഷം അതിന് മുകളിലേക്ക് ഒരു സ്റ്റീൽ പാത്രം വച്ചുകൊടുക്കുക. വിളക്കിൽ നിന്നും ഉയരുന്ന കരി ഈ പാത്രത്തിൽ പറ്റിപ്പിടിക്കുന്ന വിധത്തിൽ വേണം വയ്‌ക്കാൻ. ഈ സമയത്ത് ബദാം നന്നായി കരിച്ചെടുക്കുക. ശേഷം തണുക്കുമ്പോൾ പൊടിച്ചെടുക്കണം.

അര മണിക്കൂറോളം വച്ചശേഷം തീ അണയുമ്പോൾ ചിരാതിന് മുകളിൽ നിന്നും പാത്രം എടുത്ത് മാറ്റാവുന്നതാണ്. പാത്രത്തിന്റെ ചൂട് മാറിയ ശേഷം അതിൽ നിന്നും കരി സ്പൂൺ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പൊടിച്ച ബദാമും കരിയും നന്നായി യോജിപ്പിക്കണം. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ ചേ‌ത്ത് നന്നായി യോജിപ്പിക്കുക. ഇതോടെ കൺമഷി റെഡി. ഇത് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. നല്ല വൃത്തിയുള്ള പാത്രത്തിൽ വേണം ഈ കൺമഷി സൂക്ഷിക്കാൻ.

ഇനി ഐലൈനർ തയ്യാറാക്കുന്നതിനായി ഈ കൺമഷിയിലേക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിച്ചാൽ മതി. നല്ല ബ്രാൻഡിന്റെ കറ്റാർവാഴ ജെൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കണ്ണിന് ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഫ്രഷ് കറ്റാർവാഴ ജെൽ ഉപയോഗിക്കരുത്. ഇത് ഐലൈനർ വളരെ പെട്ടെന്ന് കേടാവാൻ കാരണമാകും.