തിരുവനന്തപുരം: പെരുമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തിരുവനന്തപുരം നഗരവാസികളുടെ ദുരിതം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മഴ പെയ്താൽ തലസ്ഥാന നഗരം മുങ്ങുമെന്നത് ഇപ്പോൾ സ്ഥിരസംഭവമായി മാറിക്കഴിഞ്ഞു. ശനിയാഴ്ചത്തെ മഴയിൽ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളം കയറി. 121.3 മില്ലീ മീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്ന രൂക്ഷമായ വെള്ളക്കെട്ട്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം വരെയും മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തിന് മുന്നിലും അരയ്ക്കൊപ്പം വെള്ളം പൊങ്ങി. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഉള്ളിൽ വരെ വെള്ളം കയറി.
എന്നാൽ, വീണ്ടും അവലോകനയോഗം കൂടി കാര്യം പറഞ്ഞ് ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടിരിക്കുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഓടകളുടെ ശുചീകരണപ്രവർത്തനങ്ങൾ നടന്ന് വന്നിരുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയെന്നും, ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ നഗരസഭാ സുസ്സജ്ജമാണെന്നുമാണ് മേയറുടെ അവകാശവാദം.
ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ്-
''അതിതീവ്ര മഴമൂലമുണ്ടായ പ്രശ്നങ്ങൾ നേരിടാനും പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പു വരുത്തുന്നതിനുമായി നഗരസഭയിൽ പ്രവർത്തിച്ച് വരുന്ന കൺട്രോൾ റൂമിന്റെ അവലോകന യോഗം ചേർന്നു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഓടകളുടെ ശുചീകരണപ്രവർത്തനങ്ങൾ നടന്ന് വന്നിരുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അതിതീവ്രമഴയാണ് നഗരത്തിൽ മണിക്കൂറുകളായി തുടരുന്നത്. മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ നഗരസഭാ സുസ്സജ്ജമാണ്. നഗരസഭയുടെ മുഴുവൻ സംവിധാനവും മഴയെ നേരിടുന്നതിലേക്ക് കേന്ദ്രീകരിക്കാനും ജീവനക്കാരുടെ മുഴുവൻ സമയ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു''.
നഗരത്തിൽ ഓടകൾ നിറഞ്ഞൊഴുകുകയാണ്. ചാക്കയിലുണ്ടായ വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി. ഈഞ്ചയ്ക്കൽ, കഴക്കൂട്ടം എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കരിക്കകം, വട്ടിയൂർക്കാവ്, അമ്പലമുക്ക്, മുട്ടട, ഊറ്റുകുഴി, സെക്രട്ടേറിയറ്റിന് മുൻവശം, വഞ്ചിയൂർ തുടങ്ങിയിടങ്ങളിലും വെള്ളം കയറി.
ആക്കുളം മഞ്ചാടി ഭാഗങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു. മുക്കോലയ്ക്കൽ, ഉള്ളൂർ ശ്രീചിത്ര നഗർ, ശംഖുംമുഖം, വലിതുറ, മുട്ടത്തറ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. കരമനയാർ, ആമയിഴഞ്ചാൻ തോട്, കിള്ളിയാർ, പാർവതി പുത്തനാർ എന്നിവ കരവിഞ്ഞു. അട്ടക്കുളങ്ങര ബൈപ്പാസിലും എസ്.എസ് കോവിൽ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി.
കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചത് ചാല കമ്പോളത്തിലാണ്. ഓടകൾ മാലിന്യത്താൽ നിറഞ്ഞതിനാൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിലവിൽ സ്മാർട്ട് റോഡിന് വേണ്ടി റോഡും ഓടകളും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളം ഒഴുകാൻ സ്ഥലമില്ലാത്ത അവസ്ഥ. ഇതോടെ വ്യാപാരികൾ ദുരിതത്തിലായി. വ്യാപാരികളും തൊഴിലാളികളും ചേർന്ന് താത്കാലികമായി വെള്ളം ഒഴുകി പോകാൻ സൗകര്യമൊരുക്കിയെങ്കിലും ഇത് അപ്രായോഗികമാണ്.