മംഗലാപുരം: പറയുന്ന കാശ് കൊടുത്താൽ ടൂ വീലര്‍, ഫോര്‍ വീലര്‍ ലൈസൻസ് മലയാളികൾക്ക് കർണാടകയിൽ നിന്ന് തരപ്പെടുത്തിൽ നൽകുന്ന സംഘം സജീവം. കേരളത്തില്‍ നിന്നുള്ള ആര്‍ക്കും കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടാം. കേരളത്തിലെ കാലതാമസം മുതലെടുത്താണ് ഈ നീക്കം.
10 പേരെ വീതം എത്തിച്ചാല്‍ കമ്മിഷന്‍ നല്‍കാമെന്നും, കുറഞ്ഞ തുകയ്ക്ക് ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്നും ഓഫറുണ്ട്. 12,000 രൂപ കൊടുത്താല്‍ ബൈക്ക്, കാര്‍ ലൈസന്‍സുകള്‍ ഉറപ്പാക്കാമെന്നാണ് ഏജന്റുമാർ പറയുന്നത്. പണവും ആധാര്‍ കാര്‍ഡും ഫോട്ടോയും മാത്രം കൈമാറിയാൽ മതി. 35 ദിവസത്തിനുളളിൽ ലൈസന്‍സ് റെഡിയാക്കുമത്രേ.
ലേണിംഗ് ടെസ്റ്റ് പോലും പാസാകാതെ കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റാനാകും. ടൂ വീലര്‍, ഫോര്‍ വീലര്‍ അറിയാവുന്നവരില്‍ നിന്ന് കേരളത്തില്‍ 5000 രൂപയാണ് ഏജന്‍റുമാര്‍ ലൈസന്‍സിന് ഈടാക്കുന്നത്. കേരളത്തില്‍ ലേണിംഗ് പാസായാല്‍ തന്നെ ടെസ്റ്റിനു വേണ്ടി മാസങ്ങള്‍ കാത്തിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് 2,24,972 അപേക്ഷകർ
കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് 2,24,972 അപേക്ഷകരെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടവരുടെയും കണക്കാണിത്.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കൂടുതൽ ഉദ്ധ്യോഗസ്ഥരെ ഉൾപ്പെടുത്തി അധിക ടീമുകൾ ടെസ്റ്റ് നടത്താനായി രൂപീകരിക്കും. അതതു റീജിയണിലെ ആർ.ടി.ഒമാർ സബ് ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഒമാരുമായി സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ കൈക്കൊള്ളും.'സാരഥി' സോഫ്റ്റ്‌വെയർ 16 മുതൽ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവർത്തന സജ്ജമാക്കാൻ ഡൽഹി എൻ.ഐ.സിക്ക് കത്ത് നൽകിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും കമ്മീഷണർ അറിയിച്ചു.