wheat-flour-face-back

ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ കരിവാളിപ്പും നിറം മങ്ങുന്നതും. പുറത്തിറങ്ങുമ്പോൾ പൊടിയും മറ്റും കാരണം മുഖത്തിന്റെ ഭംഗി പെട്ടെന്ന് തന്നെ നഷ്ടമാകുന്നു. ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ പരസ്യത്തിൽ കാണുന്ന വില കൂടിയ വസ്തുക്കൾ വാങ്ങി ഉപയോഗിച്ചാലും നല്ല ഫലം കിട്ടണമെന്നില്ല.

ചിലപ്പോൾ കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ വിപരീത ഫലം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കും നമ്മുക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം. പ്രകൃതിദത്തമായ വസ്തുക്കൾ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്തെ നിറം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ഒരു പുതിയ ഫേസ്‌പാക്ക് പരിചയപ്പെട്ടാലോ?​

ആവശ്യമായ സാധനങ്ങൾ

  1. ഗോതമ്പ് പൊടി - അരിപ്പൊടിയും കടലമാവും പോലെ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഗോതമ്പ് പൊടി. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് വളരെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മക്കാർക്കാണ് ഗോതമ്പ് പൊടി കൂടുതൽ ഫലം ചെയ്യുന്നത്. ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും കൂട്ടാൻ ഇത് സഹായിക്കുന്നു. കൂടാതെ കറുത്ത പാടുകൾ മാറ്റാനും ഗോതമ്പ് പൊടി നല്ലതാണ്.
  2. പാൽ - വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പാൽ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖത്തെ ചുളിവുകൾ മാറ്റാൻ ഇത് സഹായിക്കുന്നു. സൺ ടാൻ മാറ്റാനും പാൽ വളരെ നല്ലതാണ്. ചർമ്മം ചെറുപ്പമുള്ളതാക്കാനും പാൽ സഹായിക്കുന്നു.
  3. തേൻ - ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും തേൻ വളരെ നല്ലതാണ്. ദിവസവും തേൻ മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ,​ മുഖത്തെ ചുളിവുകൾ,​ വരണ്ട ചർമ്മം എന്നിവയ്ക്ക് ഒരു പരിഹാരമാണ് തേൻ.

ഫേസ്‌പാക്ക് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് പാൽ ഒഴിക്കണം. ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ മിശ്രിതം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖം തിളങ്ങുന്നത് അപ്പോൾ തന്നെ കാണാൻ കഴിയും.