സോഷ്യൽ മീഡിയ വന്നതോടെ നമ്മുടെ ഭക്ഷണ സംസ്‌കാരം പണ്ട് കാലത്തിൽ നിന്നും വളരെ വ്യത്യസ്‌തമായി മാറിക്കഴിഞ്ഞു. പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് വല്ലപ്പോഴും മാത്രമുള്ള കാര്യമായിരുന്നു എങ്കിൽ ഇന്ന് അങ്ങനെയല്ല, ഫുഡ് വ്ലോഗുകൾ കണ്ട് പുതിയ പുതിയ വെറൈറ്റി ഭക്ഷണങ്ങൾ തേടിപ്പോവുകയാണ് എല്ലാവരും.
വീഡിയോകളിൽ അടുത്തിടെ നിറഞ്ഞുനിന്ന ഒന്നാണ് പുകയുന്ന ഐസ്‌ക്രീമുകളും ബിസ്‌കറ്റും. കഴിക്കുമ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും പുക പുറത്തേക്ക് വരുന്ന വീഡിയോ വളരെയധികം വൈറലായിരുന്നു. ഇത് കണ്ട് നിരവധിപേരാണ് ഇവ പരീക്ഷിച്ച് നോക്കിയിട്ടുള്ളത്. അടുത്തിടെ ഈ പുകയുന്ന ബിസ്‌കറ്റ് കഴിച്ച് വേദനകൊണ്ട് നിലവിളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. തമിഴ്‌നാട്ടിലായിരുന്നു സംഭവം. ലിക്വിഡ് നൈട്രജൻ അടങ്ങിയ ഈ ബിസ്‌കറ്റ് കഴിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിക്വിഡ് നൈട്രജൻ കലർത്തിയ ഒരു കോക്ടെയ്ൽ കഴിച്ചതിനെത്തുടർന്ന് ഗുഡ്‌ഗാവിൽ ഒരു യുവാവിന്റെ വയറിനുള്ളിലെ ഒരു ഭാഗം തന്നെ നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആമാശയത്തിന്റെ ഒരു ഭാഗത്ത് 10 സെന്റിമീറ്ററോളം നീളത്തിലുള്ള ദ്വാരവും കണ്ടെത്തിയിരുന്നു.
ലിക്വിഡ് നൈട്രജൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ മനുഷ്യന് വളരെയധികം ദോഷമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവ വിപണിയിൽ ലഭ്യമാണ്. കൊച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ദോഷം ചെയ്യുന്നതാണ് ഈ ഭക്ഷണങ്ങൾ. ബിസ്‌ക്കറ്റ്, ഐസ്‌ക്രീം, വേഫർ ബിസ്‌ക്കറ്റ് തുടങ്ങിയ വയ്‌ക്കൊപ്പമാണ് ലിക്വിഡ് നൈട്രജൻ ചേർത്ത് വിപണിയിൽ ലഭിക്കുന്നത്. ഇവ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെപ്പറ്റിയും ലിക്വിഡ് നൈട്രജൻ എന്താണെന്നും അറിയാം.
എന്താണ് ലിക്വിഡ് നൈട്രജൻ?
ഭക്ഷണത്തിന്റെ ഗുണനിലവാരവും കാലാവധിയും വർദ്ധിപ്പിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ബാഷ്‌പീകരിക്കപ്പെടുമ്പോൾ നൈട്രജന്റെ അളവ് ഏകദേശം 700മടങ്ങ് വികസിക്കുന്നതിനാൽ, അത് ഭക്ഷണ പാക്കറ്റിനുള്ളിലെ ഓക്‌സിജനെ ഇല്ലാതാക്കുകയും ഭക്ഷണം ഫ്രഷ് ആയി ഏറെക്കാലം നിലനിർത്തുകയും ചെയ്യുന്നു.
കാപ്പി, ഉരുളക്കിഴങ്ങ് ചിപ്‌സ്, നിലക്കടല, വറുത്ത നിലക്കടല, ചീസ്, വറുത്ത ഉരുളക്കിഴങ്ങ് എന്നിവ പാക്ക് ചെയ്യുമ്പോൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിക്വിഡ് നൈട്രജനാണ് ഉപഭോക്താക്കളെ ആകർഷിക്കാനായി വഴിയോര ഭക്ഷണശാലകളിൽ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിൽ നിന്നാണ് വ്യവസായികൾ ലിക്വിഡ് നൈട്രജൻ വേർതിരിച്ചെടുക്കുന്നത്. വാതക രൂപത്തിലുള്ള 700 ലിറ്റർ നൈട്രജനിൽ നിന്നും വെറും ഒരു ലിറ്റർ ലിക്വിഡ് നൈട്രജനാണ് ഉണ്ടാക്കാൻ സാധിക്കുക.
ലിക്വിഡ് നൈട്രജന്റെ ഉപയോഗങ്ങൾ
ഇലക്‌ട്രോണിക് വസ്‌തുക്കൾ നിർമിക്കുന്നതിനും വെൽഡിംഗിനും ഈ വാതകം ഉപയോഗിക്കുന്നുണ്ട്. ലബോറട്ടറികളിൽ വസ്‌തുക്കളെ വേർതിരിക്കുന്നതിന് ലിക്വിഡ് നൈട്രജൻ ഉപയോഗിക്കാറുണ്ട്. കൃത്രിമ ബീജസങ്കലനത്തിന് വേണ്ടി ബീജം സൂക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നു. 1960കളിൽ ക്യാൻസർ രോഗികളുടെ ചികിത്സയ്‌ക്കായി ലിക്വിഡ് നൈട്രജൻ ഉപയോഗിക്കാറുണ്ടായിരുന്നു. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇവയ്‌ക്ക് സാധിച്ചിരുന്നു.
ജനപ്രിയമാകാൻ കാരണം
ഷെഫ് ഹെസ്റ്റൺ ബ്ലൂമെന്റൽ ആണ് ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് ആദ്യമായി ഭക്ഷണമുണ്ടാക്കിയത്. അദ്ദേഹം യുകെയിലെ ബെർക്ക്‌ഷയർ റെസ്റ്റോറന്റിലെ മെനുവിൽ നൈട്രോ - സ്‌ക്രാംബിൾഡ് മുട്ട, ബേക്കൺ ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങൾ ചേർത്തു. തുടർന്ന് നിരവധി റെസ്റ്റോറന്റുകൾ ഈ വിദ്യ ഉപയോഗിക്കാൻ തുടങ്ങി. ഭക്ഷണത്തിന്റെ ആകർഷകത്വം കൂട്ടും എന്നതാണ് ഇവർ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കാനുള്ള പ്രധാന കാരണം.
ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
ലിക്വിഡ് നൈട്രജൻ, അത് ശരീരത്തിന്റെ ഏതെങ്കിലും ഭാഗവുമായി സമ്പർക്കത്തിലായാൽ ആ ഭാഗം ദ്രവിച്ചുപോകാൻ സാദ്ധ്യതയുണ്ട്. മഞ്ഞിന്റെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. പക്ഷേ, കഴിക്കുമ്പോൾ ചുണ്ട്, നാവ്, തൊണ്ട, ശ്വാസകോശം, ആമാശയം തുടങ്ങി എല്ലാ ഭാഗത്തെയും അപകടത്തിലാക്കും. ആമാശയത്തിൽ ഇവ സുഷിരങ്ങളുണ്ടാക്കുന്നു. ഇവ ശരീരത്തിലെത്തുമ്പോൾ കാർബൺഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുകയും ആ വ്യക്തി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു.
എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
റെസ്റ്റോറന്റുകളിൽ ഇവ ഉപയോഗിക്കുന്നുണ്ടെങ്കിൽ ശരിയായ പരിശീലനം ലഭിച്ചവരെക്കൊണ്ട് മാത്രം ചെയ്യിക്കുക. ലിക്വിഡ് നൈട്രജന് പകരം മെക്കാനിക്കൽ റഫ്രിജറേഷൻ ഉപയോഗിക്കാം. ഫ്രിഡ്‌ജിൽ വച്ച് തണുപ്പിക്കുന്ന രീതിയാണിത്. ഇതിന് അപകടസാദ്ധ്യതകളില്ല. കൂടാതെ ഈ രീതിയിൽ ചെയ്യുമ്പോൾ മറ്റ് അസുഖങ്ങളുണ്ടാകാനുള്ള സാദ്ധ്യതയുമില്ല.