തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാദ്ധ്യതയുണ്ട്.വെള്ളം കയറുന്ന ആരോഗ്യസ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ

1) കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

2) കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക

3) എലിപ്പനി പ്രതിരോധം പ്രധാനം

4) ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്

5) ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക

6) വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം

7) തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ

8) ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം