d

അഹമ്മദാബാദ് : ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ടെത്തിയ ഐസിസ് ഭീകരരെന്ന് കരുതുന്ന നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്. നാലുപേരും ശ്രീലങ്കൻ സ്വദേശികളാണ്. മുഹമ്മദ് നസ്രത്ത്,​ മുഹമ്മദ് നുഫ്രാൻ,​ മുഹമ്മദ് ഫാരിസ്,​ മുഹമ്മദ് റാസ്‌മിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ചിത്രങ്ങളും എ.ടി,​.എസ് പുറത്തുവിട്ടു. ഇവരെ ചോദ്യചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊളംബോയിൽ നിന്ന് ചെന്നൈയിലെത്തി ഇവർ അവിടെ നിന്നാണ് അഹമ്മാദാബാദിലെത്തിയത്. ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.

ഇവർ പാകിസ്ഥാനിലെ ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അഹമ്മാദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനിടെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്യുന്നത്. സംഘത്തിൽ നിന്ന് ഏതാനും പാകിസ്ഥാv നിർമ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എൽ മത്സരത്തിനായി മൂന്നടീമുകൾ അഹമ്മദാബാദിൽ എത്തിനിരിക്കെയാണ് ഭീകരർ പിടിയിലാകുന്നത്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന് സുരക്ഷ വർദ്ധിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ 600 കോടിയിലേറെ വില വരുന്ന 86 കിലോഗ്രാം മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരൻമാരെ ഗുജറാത്ത് എ.ടി.എസും എൻ.സി.ബിയും ചേർന്ന് പിടികൂടിയിരുന്നു.