gold

കൊച്ചി: ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 എന്ന തുകയും കടന്ന് മുന്നേറുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ദ്ധിച്ച് 55,120 ആണ് വിപണിയിലെ വില. പതിവ് പോലെ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടിയാകുമ്പോള്‍ സ്വര്‍ണാഭരണത്തിന് വില 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഒരു ഗ്രാം സ്വര്‍ണത്തിന് 6890 രൂപയാണ് വില.

2024 മാര്‍ച്ച് മാസത്തിലാണ് സ്വര്‍ണത്തിന് വില 50,000 കടന്നത്. മാര്‍ച്ച് 29ന് ആയിരുന്നു ഇത്. രണ്ട് മാസം പോലും തികയുന്നതിന് മുമ്പ് വില 55,000 കടന്നു. വെള്ളിവിലയും കത്തിക്കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയെന്ന റെക്കോഡിലാണുള്ളത്. ഇറക്കുമതി ചെയ്യുന്ന വെള്ളിക്ക് വില കിലോഗ്രാമിന് ആദ്യമായി കഴിഞ്ഞയാഴ്ച ഒരുലക്ഷം രൂപ കടന്നിരുന്നു. പാദസരം, അരഞ്ഞാണം, വള, പൂജാപാത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വെള്ളിവില വര്‍ദ്ധന തിരിച്ചടിയാണ്.

55,120 രൂപയാണ് ഒരു പവന് വിലയെങ്കിലും ഈ തുകയും കയ്യില്‍ കരുതി സ്വര്‍ണാഭരണം വാങ്ങാന്‍ കഴിയില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണക്കൂലി എന്നിവ ചേരുമ്പോള്‍ 59,700 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. 20 ശതമാനം പണിക്കൂലി വരെ നല്‍കേണ്ട ഡിസൈനര്‍ ആഭരണം വാങ്ങാന്‍ 69,000 രൂപ വരെ ചെലവ് വരും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ സമ്പന്നരെക്കാള്‍ മുന്നിലുള്ളത് ഇടത്തരക്കാരും സാധാരണക്കാരുമാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഇതിന് പ്രധാന കാരണം ദിവസേന വര്‍ദ്ധിക്കുന്ന സ്വര്‍ണ വിലയാണ്. അതോടൊപ്പം തന്നെ മക്കളുടെ വിവാഹം പൊലുള്ള ചടങ്ങുകള്‍ അടുത്തവരും സ്വര്‍ണം വാങ്ങുന്നത് അത്യാവശ്യകാര്യമാക്കി മാറ്റിയിട്ടുണ്ട്. ഓരോ ദിവസവും വില മുകളിലേക്കാണ്. അപ്പോള്‍ എത്രയും പെട്ടെന്ന് വാങ്ങിയാല്‍ പണം ലാഭിക്കാമെന്ന ചിന്തയാണ് ഇതിന് പിന്നില്‍.

സ്വര്‍ണം നേരത്തെ ബുക്ക് ചെയ്ത് ഇടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി ജ്വല്ലറി ഉടമകളും ജീവനക്കാരും പറയുന്നു. ബുക്ക് ചെയ്ത ശേഷം പിന്നീട് വാങ്ങിയാലും ബുക്ക് ചെയ്ത അതേ നിരക്കിന് സ്വര്‍ണം ലഭിക്കും, വില കുറയുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നതാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ മാസത്തവണകളായി സ്വര്‍ണ ചിട്ടികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നൂറ് രൂപയ്ക്ക് പോലും നിക്ഷേപം ആരംഭിച്ച് ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.