ഭുവനേശ്വർ: രാഷ്ട്രീയ ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ ആരോപണത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 250 ജോഡി വസ്ത്രങ്ങൾ കൈവശം വെച്ചുവെന്നതാണ് തിരഞ്ഞെടുപ്പുകളിൽ തനിക്കെതിരെ പ്രധാനമായും പ്രതിപക്ഷം ഉയർത്തുന്നതെന്ന് മോദി വ്യക്തമാക്കി. കോൺഗ്രസ് നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമർസിൻ ചൗധരിയാണ് ആദ്യം ആരോപണം ഉന്നയിച്ചതെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു പൊതുയോഗത്തിൽ , 250 കോടി മോഷ്ടിച്ച മുഖ്യമന്ത്രിയെ വേണോ അതോ 250 ജോഡി വസ്ത്രമുള്ള ഒരാളെ വേണോ എന്ന് ഞാൻ ജനങ്ങളോട് ചോദിച്ചു. ഗുജറാത്തിലെ ജനങ്ങൾ സ്വീകരിച്ചത് എന്നെയാണ്. അതിനുശേഷം പ്രതിപക്ഷം ഒരിക്കലും ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ ധൈര്യം കാണിച്ചില്ല, മോദി ചൂണ്ടിക്കാട്ടി.
അതേസമയം, ന്യൂനപക്ഷങ്ങൾക്കെതിരെ താൻ ഒരു അക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും. ബി.ജെ.പി ഒരിക്കലും ന്യൂനപക്ഷങ്ങൾക്കെതിരല്ലെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് പ്രീണന രാഷ്ട്രീയമാണ്,കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചത്,കോൺഗ്രസ് ഭരണഘടനക്കെതിരെ പ്രവർത്തിക്കുന്നു, മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നതിന് അംബേദ്കറും നെഹ്റുവും എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം 1.6 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രി വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു.