holiday

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ 30 വരെയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഡല്‍ഹിയില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് ആണ്. കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മുന്‍ഗേഷ്പൂര്‍ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതല്‍. താപനില 46.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. നജഫ്ഗഡില്‍ 46.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താപനില 46.9 ഡിഗ്രിയും മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍-44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബര്‍മറിലും കാണ്‍പൂരിലും രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലും ബിഹാറിലും ഓറഞ്ച് അലര്‍ട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നതിന് പൊതുജനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

പുറത്ത് പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പുറത്ത് പോകുമ്പോള്‍ നേരിട്ട് സൂര്യന്റെ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒപ്പം നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന് കുടിവെള്ളം കരുതണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.