kerala-karnataka

കാസര്‍കോട്: കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തിപ്പിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതില്‍ വലിയ പ്രതിഷേധം തന്നെ അരങ്ങേറിയിരുന്നു. ദിവസേന നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതും ഒപ്പം നിയമം ശക്തമാക്കിയതും നിരവധി പേര്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നതിന് കാരണമായെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും അദ്ധ്യാപകരും തന്നെ പറയുന്നു. കേരളത്തില്‍ നിന്ന് ലൈസന്‍സ് നേടുക ശ്രമകരമായതോടെ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ആയിരക്കണക്കിന് മലയാളികള്‍.

കേരളത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കുക എളുപ്പമല്ലെന്ന് വന്നതോടെ എങ്ങിനേയും ലൈസന്‍സ് കരസ്ഥമാക്കാന്‍ മലയാളി കണ്ടെത്തിയ എളുപ്പവഴിയാണ് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയെന്നത്. ഇതിന് വേണ്ടി ചിലവാക്കുന്നതാകട്ടെ കേരളത്തില്‍ ചിലവഴിക്കേണ്ടിവരുന്നതിനേക്കാള്‍ ഇരട്ടിയോളം തുകയും. ടെസ്റ്റിന് പോലും പോയില്ലെങ്കിലും കര്‍ണാടകയില്‍ ലൈസന്‍സ് ലഭിക്കുമെന്ന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

അതിര്‍ത്തി ഭാഗങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഇപ്പോള്‍ അവിടുത്തുകാരെക്കാള്‍ കൂടുതലും മലയാളികളാണ്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ കര്‍ണാടകയില്‍ നിന്ന് ഡ്രൈവിംഗ് പോലും അറിയാതെ ലൈസന്‍സ് എടുക്കുന്നുണ്ട്. സംസ്ഥാനത്ത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് പോലും വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. പണം മാത്രം ചിലവാക്കിയാല്‍ മതി രാജ്യത്തെ ഏത് റോഡിലും വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഒരു മാസത്തിനകം കയ്യില്‍ കിട്ടുമെന്നതാണ് സാഹചര്യം.

ആധാര്‍ കാര്‍ഡും ഫോട്ടോയും പിന്നെ പറയുന്ന തുക ഫീസായും എത്തിച്ചാല്‍ പണി കഴിഞ്ഞു, 'H' , '8' തുടങ്ങിയ ഒരു നൂലാമാലകളും ഇല്ല. ടെസ്റ്റ് നടത്തുന്നത് പലപ്പോഴും ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ആണ്. അപ്പോഴും ടെസ്റ്റില്‍ പങ്കെടുക്കുന്ന ആള്‍ക്കൊപ്പം ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകന്‍ എല്ലാ സഹായത്തിനും ഹാജരായിരിക്കും. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് അയല്‍ സംസ്ഥാനത്തേക്ക് പോകുന്ന മിക്കവാറും എല്ലാവരും ഡ്രൈവിംഗ് ലൈസന്‍സുമായിട്ടാണ് മടങ്ങിവരുന്നത്.