fish

തിരുവനന്തപുരം: പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി. ചൂണ്ടയില്‍ കുടുങ്ങിയ തിരണ്ടിയെ വരുതിയിലാക്കാന്‍ വേണ്ടി തൊഴിലാളികള്‍ക്ക് ഒമ്പത് മണിക്കൂറോളമാണ് കഠിനാധ്വാനം ചെയ്യേണ്ടി വന്നത്. പിടികൂടിയ തിരണ്ടിയെ മത്സ്യത്തൊഴിലാളികള്‍ വള്ളത്തില്‍ കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു. പൂന്തുറ സ്വദേശികളായ വള്ളം ഉടമ മൈക്കിള്‍, സുരേഷ്, പൂടന്‍ എന്നിവരാണ് ഭീമന്‍ തിരണ്ടിയെ വെള്ളിയാഴ്ച തീരത്തെത്തിച്ചത്.

ആദ്യമായാണ് ഇവിടെ ഇത്രയും വലുപ്പമുള്ള തിരണ്ടി ലഭിക്കുന്നതെന്നും മുമ്പ് ഇതുപോലെ ഒന്നിനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

തുടര്‍ന്ന് തിരണ്ടിയെ ലേലത്തിന് വെച്ചെങ്കിലും വലുപ്പമുള്ള തിരണ്ടിയായതിനാല്‍ വാങ്ങാന്‍ അധികം ആരും എത്തിയില്ല. ഒടുവില്‍ പൂന്തുറ നിവാസിയായ ഫ്രാന്‍സിസ് ഇതിനെ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു. വലവീശുന്നതിനിടയിലാണ് വെളിച്ചത്തില്‍ തിരണ്ടിയുടെ സാന്നിദ്ധ്യം ഇവര്‍ കണ്ടത്. തുടര്‍ന്ന് ചൂണ്ടയെറിഞ്ഞു.

ഇതുമായി തിരണ്ടി ഉള്ളിലേക്ക് പോയെങ്കിലും വള്ളവുമായി മത്സ്യത്തൊഴിലാളികളും പിന്നാലെ പാഞ്ഞു. രണ്ടാമത്തെ ചൂണ്ട എറിഞ്ഞാണ് തിരണ്ടിയെ പിടികൂടിയത്. ഇതിന് ശേഷം വള്ളത്തില്‍ കെട്ടിവലിച്ച് എട്ടുമണിക്കൂറോളം യാത്രചെയ്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയൊടെ തീരത്ത് എത്തിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.