rain

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. പഴങ്കുളത്തിന് സമീപം വീടിന് അടുത്തുള്ള തോട്ടില്‍ വീണ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴങ്കുളം സ്വദേശി മണിയമ്മാള്‍ (75) ആണ് സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. മക്കള്‍: വേണുഗോപാല്‍, പ്രമീള, ഹരികുമാര്‍, പ്രകാശ്. മരുമക്കള്‍: രമ്യ,സുജ,സനിത, മനോജ്.

അടൂരില്‍ ഒഴുക്കില്‍പ്പെട്ട് വയോധികനെ കാണാതായി. പള്ളിക്കലില്‍ ഗോവിന്ദനെ (63)യാണ് കാണാതായത്. പള്ളിക്കല്‍ ആറ്റില്‍ ഒഴുകിപ്പോയ തേങ്ങയെടുക്കാന്‍ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന തിരച്ചില്‍ അവസാനിപ്പിച്ചു.അതിഥിത്തൊഴിലാളിയായ ബിഹാര്‍ സ്വദേശി മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ടു. നരേഷിനെയാണ് (25) കാണാതായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ തീരദേശ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴിയും തെക്കന്‍ തീരദേശ തമിഴ്‌നാടിന് മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വടക്കന്‍ കേരളത്തിന് ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ സാദ്ധ്യത പ്രവചനം.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മേയ് 24 രാവിലെയോടെ മദ്ധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2024 മേയ് 20,21 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും 2024 മെയ് 22 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.