നടൻ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്. പ്രശസ്തമായ കിരീടം പാലത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണെന്ന വിശേഷം പങ്കുവച്ചുകൊണ്ട് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്-
ലാലേട്ടന് ഒരു
പിറന്നാൾ സമ്മാനം..
'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.
മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും
സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
മലയാളികളുടെ നിത്യ വിസ്മയമായ മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ഇന്ന് ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ കേക്കു മുറിക്കും. ലാലേട്ടന്റെ പിറന്നാളിന് ആരാധകർ ആശംസാ റീൽസുകളായിരം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്നു രാവിലെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്.
മോഹൻലാൽ നയിക്കുന്ന റിയാലിറ്റി ഷോയുടെ ചെന്നൈയിലെ സെറ്റിൽ ഇന്നലെയായിരുന്നു പിറന്നാൾ ആഘോഷം. ഷോയിലെ മത്സരാർത്ഥികൾക്കൊപ്പം കേക്കു മുറിച്ചു.
ഇപ്പോൾ അഭിനയിക്കുന്ന തരുൺ മൂർത്തിയുടെ ചിത്രത്തിന്റെ ലൊക്കേഷനിലും ലാലിന്റെ പിറന്നാൾ ആഘോഷമുണ്ടാകും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് റിലീസ് ചെയ്തേക്കും. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തിൽ ശോഭനയാണ് നായിക. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രം. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്.
ഇടവത്തിലെ രേവതി നക്ഷത്രത്തിലാണ് മോഹൻലാൽ ജനിച്ചത്.ഇത്തവണ ജൂൺ രണ്ടിനാണ് രേവതി. അമ്മ ശാന്തകുമാരിയുടെ ആഗ്രഹപ്രകാരം ക്ഷേത്രത്തിലെ പൂജകളും പിറന്നാൾ സദ്യയും അന്നാണ്.