smell

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാന വ്യാപകമായി മഴ തകർത്തുപെയ്യുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വീടിനുള്ളിലെ ദുർഗന്ധമടക്കമുള്ള പല പ്രശ്നങ്ങൾ മഴയ്‌ക്കൊപ്പം എത്തിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് മഴക്കാലത്ത് വീടിനുള്ളിൽ ദുർഗന്ധമുണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നിരവധി കാരണങ്ങൾ ഉണ്ട്. നനഞ്ഞ തുണികൾ വീടിനകത്ത് വിരിച്ചിടുന്നതാണ് പ്രധാന കാരണം. ഫാനിട്ട് വസ്ത്രങ്ങൾ ഉണക്കുന്നവരും നിരവധിയാണ്. ഇത് മുറിക്കുള്ളിൽ പുഴുക്ക് മണം ഉണ്ടാക്കും. വസ്ത്രം ഉണങ്ങിയാലും ദുർഗന്ധം പോകില്ല. ജനലൊക്കെ തുറന്നിട്ട് മുറിക്കുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക.

തുണി അലക്കിയ ശേഷം വെള്ളം പൂർണമായും പോകാതെ വസ്‌ത്രങ്ങൾ വീടിനുള്ളിൽ ഇടരുത്. വീടിനുള്ളിൽ ഇടുന്ന ചവിട്ടിയും നല്ല ഉണങ്ങിയതായിരിക്കണം. കട്ടിയുള്ള ചവിട്ടിയാണ് ഉപയോഗിക്കുന്നതെങ്കിൽ മഴക്കാലത്ത് അത് അലക്കിയെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ കഴിവതും ഇവയുടെ മുകളിൽ മറ്റൊരു തുണിയിടുക. അങ്ങനെ വരുമ്പോൾ അഴുക്ക് പുരണ്ടാൽ ആ തുണി അലക്കിയെടുത്താൽ മതി.

കഴിവതും എന്നും നിലം തുടക്കുക. ഫാനിട്ടതിന് ശേഷം വേണം തുടക്കാൻ. എന്നാൽ അമിതമായി വെള്ളം ഉപയോഗിക്കരുത്. തുടയ്ക്കുന്ന തുണി നന്നായി പിഴിഞ്ഞ ശേഷമേ തുടക്കാവൂ. അല്ലെങ്കിൽ വെള്ളം പൂർണമായി പോകില്ല. ഇത് ദുർഗന്ധത്തിന് കാരണമാകും. നനവുള്ള ഷൂസ് ഒരു കാരണവശാലും വീടിനുള്ളിൽ കൊണ്ടുവരരുത്. നനഞ്ഞ തോർത്തും മുറിക്കുള്ളിൽ സൂക്ഷിക്കരുത്.


വീടിനുള്ളിൽ നന്നായി ദുർഗന്ധമുണ്ടെങ്കിൽ അവിടെ കുറച്ച് വിനാഗിരി തളിച്ചാൽ മതി. കർപ്പൂര തുളസിയും ദുർഗന്ധം അകറ്റാൻ ബെസ്റ്റാണ്. ഒന്നുകിൽ കർപ്പൂര തുളസി വെള്ളത്തിലിട്ട് മുറിക്കുള്ളിൽ വയ്ക്കുക.അല്ലെങ്കിൽ കർപ്പൂര തുളസി തൈലം വീടിനുള്ളിൽ തളിക്കാം. പ്രാണികളെ അകറ്റാനും ഇത് സഹായിക്കും.

ഇന്ന് മാർക്കറ്റിൽ പല തരത്തിലുള്ള എയർ ഫ്രഷ്‌നർ ലഭ്യമാണ്. എന്നാൽ അവ വാങ്ങി പണം ചെലവഴിക്കുന്നതിലും നല്ലത്,​ വീട്ടിൽ തന്നെ കിടിലൻ എയർഫ്ര‌ഷ്നർ ഉണ്ടാക്കുന്നതല്ലേ?​ വെള്ളം, ചെറുനാരങ്ങ, ബേക്കിംഗ് സോഡ എന്നിവ മാത്രം മതി. രണ്ട് കപ്പ് വെള്ളവും മുക്കാൽ കപ്പ് ബേക്കിംഗ് സോഡയും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അരക്കപ്പ് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. ശേഷം സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം.ദുർഗന്ധം വമിക്കുന്നയിടങ്ങളിലെല്ലാം ഈ സ്‌പ്രേ അടിച്ചുകൊടുക്കാം.