ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്‌തികൾക്കൊപ്പം ഭാരതത്തെ പ്രതിഷ്‌ഠിച്ച അഗ്നി മിസൈലിന്റെ അമരക്കാരി, ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്‌ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി, ആദ്യ മലയാളി, ആദ്യ വനിത, ഭാരതത്തിന്റെ മിസൈൽ വനിത... ടെസി തോമസ് എന്ന പേരിനൊപ്പം തെളിയുന്ന വിശേഷണങ്ങൾ നിരവധിയാണ്. തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച് നാലാം ക്ളാസുവരെ സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന ടെസി അസാധാരണ നേട്ടങ്ങളിലേക്കു കുതിച്ചത് ഇച്‌ഛാശക്‌തിയുടെ ചിറകേറി.

എഞ്ചിനീയറിംഗ് ഫീൽഡിലെ ജോലി സാദ്ധ്യത തിരഞ്ഞെടുക്കുന്ന ബ്രാഞ്ചിനെ അപേക്ഷിച്ച് മാത്രമല്ല അതാത് സംസ്ഥാനങ്ങളിലെ പശ്ചാത്തലം കൂടി സ്വാധീനിച്ചുകൊണ്ടാണെന്ന് ഇന്ത്യയുടെ മിസൈൽ വനിത പറയുന്നു. എഞ്ചിനീയർ ആവാൻ തീരുമാനിച്ചു കഴിഞ്ഞാൽ സ്വയം പര്യാപ്‌തത നേടുന്നതിനോ, സംരംഭകത്വശേഷി ആർജിക്കുന്നതിനോ ഏതൊരു വിദ്യാർത്ഥിയും തയ്യാറാകണമെന്ന് ടെസി തോമസ് വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലായിരുന്നു പ്രതികരണം.

tessy-thomas

ഡോക്‌ടർമാർ സ്വന്തമായി ക്ളിനിക്കുകളും ആശുപത്രികളും ആരംഭിക്കുന്നത് പോലെ ഓരോ എഞ്ചിനീയർമാരും ക്രിയേറ്റീവ് മൈൻഡ് ഉള്ളവരായി മാറേണ്ടതാണെന്നും ടെസി തോമസ് പറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിൽ ധാരാളം അവസരങ്ങൾ നിലവിലുണ്ടെന്നും അത് കണ്ടെത്തുകയാണ് പ്രധാനമെന്നും മിസൈൽ വുമൺ വ്യക്തമാക്കി.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) യുടെ എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നും വിരമിച്ച ടെസി ഇപ്പോൾ തക്കല നൂറുൽ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസിലർ ആണ്.