pinarayi-vijayan

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി മുന്നണിയിലെ കലഹം, ക്ഷേമ പെൻഷൻ കുടിശിക, ഗുണ്ടാ വിളയാട്ടം, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, കരുവന്നൂർ സഹ.ബാങ്കിലെ ഇ.ഡി വേട്ട, മുഖ്യമന്ത്രിയുടെ മകളുടെ കേസ്,​ മഴക്കാല പൂർവ മുന്നൊരുക്കങ്ങളിലെ വീഴ്ച... നാലാം വർഷത്തിലേക്ക് കടന്ന പിണറായി സർക്കാരിന് മുന്നിൽ വെല്ലുവിളികളുടെ പെരുമഴക്കാലം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലത്തെ അടിസ്ഥാനമാക്കിയാകും ഭാവികാര്യങ്ങളിൽ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്ന് പറയാനാകുക. 2019ലേത് പോലുള്ള കനത്ത തിരിച്ചടി ഇത്തവണ ഉണ്ടാവില്ലെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ഇത്തവണ കുറഞ്ഞത് ആറു സീറ്റാണ് പ്രതീക്ഷ. അത് പൊലിഞ്ഞാൽ സർക്കാരിന് ചില തിരുത്തലുകൾ അനിവാര്യമാവും.

ആഭ്യന്തര, ആരോഗ്യ വകുപ്പുകൾ കുത്തഴിഞ്ഞ നിലയിലെന്നാണ് പ്രതിപക്ഷ വിമർശനം. ആറ് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുത്തു തീർക്കാനാവാത്ത സ്ഥിതിയാണ്. ഇനിയുള്ള പെൻഷനെങ്കിലും മാസാമാസം കൊടുക്കാനാണ് നീക്കം. അപ്പോഴും കുടിശിക ബാക്കി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികകൾ കൊടുക്കുന്നിലും ഈ മാസം വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ പലയിടത്തും റോഡുകൾ കുത്തിപ്പൊളിച്ച നിലയിൽ. വിലക്കയറ്റം തടയാനുള്ള നടപടികൾ ഫലപ്രദമല്ല. മൂന്നിന് സ്കൂളുകൾ തുറക്കുന്നതോടെ സാധാരണക്കാരന്റെ ബഡ്ജറ്റ് താളം തെറ്റും. എന്നാൽ തിരഞ്ഞെടുപ്പു ഫലം പോസിറ്റീവായാൽ പിടിച്ചു നിൽക്കാൻ പിടിവള്ളിയാകും.

പ്ളസ് ടു സീറ്റ്: മലപ്പുറത്ത്

ലീഗ് പ്രതിഷേധം

മലപ്പുറം ജില്ലയിൽ ആവശ്യത്തിന് പ്ലസ് ടു സീറ്റുകളോ ബാച്ചുകളോ ഇല്ലെന്ന വാദവുമായി മുസ്ലിംലീഗും മറ്റ് മുസ്ലിം സംഘടനകളും പ്രക്ഷോഭത്തിലാണ്. ജില്ലയിൽ 79,730 പേരാണ് എസ്.എസ്.എൽ.സി പാസായത്. നിലവിൽ സർക്കാർ,എയ്ഡഡ് ,അൺ എയ്ഡഡ്സ്കുളുകളിലായി 52000 സീറ്റുണ്ട്. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും,എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് ക്ളാസിൽ കുട്ടികളുടെ എണ്ണം 60ന് മുകളിലെത്തിക്കും. ഇപ്പോൾ തന്നെ ചെറിയ ക്ളാസ് റൂമുള്ള സ്കൂളുകൾ കുട്ടികളെ ഇരുത്താൻ ബുദ്ധിമുട്ടുകയാണ്. അധിക ബാച്ചിനായി വാശിപിടിക്കുന്നത് എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്താനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും ലീഗിനെ എങ്ങനെ പിണക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.

രാജ്യസഭാ സീറ്റ് പ്രശ്നം

കേരള കോൺഗ്രസ് ജോസ് വിഭാഗം ഒഴിയുന്ന രാജ്യസഭാ സീറ്റ് അവർക്ക് വീണ്ടും കിട്ടാതിരിക്കുകയും കോട്ടയം ലോക്സഭാ സീറ്റിൽ തോൽക്കുയും ചെയ്താൽ പാർട്ടിക്ക് പാർലമെന്റിൽ പ്രാതിനിദ്ധ്യം ഇല്ലാതാവും. ബിനോയ് വിശ്വം ഒഴിയുന്ന രാജ്യസഭാ സീറ്റ് വിടാൻ സി.പി.ഐ തയ്യാറല്ല. ആ.ജെ.ഡി, എൻ.സി.പി കക്ഷികളും

സീറ്റിനായി രംഗത്തുണ്ട്. പ്രശ്ന പരിഹാരം സി.പി.എമ്മിന് എളുപ്പമല്ല.