sreekala

തിരുവനന്തപുരം: വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തൻകോടാണ് സംഭവം. ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയിൽ കുതി‌ർന്നാണ് പഴയ വീടിന്റെ ചുമരിടിഞ്ഞ് വീണത്.

സമീപത്ത് പുതിയ വീട് വച്ചിരുന്നെങ്കിലും പഴയ വീട് പൂർണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ശക്തമായ മഴ കാരണമാണ് വീട് പൊളിക്കുന്നത് പകുതിക്ക് വച്ച് നിർത്തിയത്. അപകടം പതിയിരിക്കുന്നതറിയാതെ ഇവിടെ നിന്നും വിറകെടുക്കാനായാണ് ശ്രീകല എത്തിയത്. തുടർന്ന് ശ്രീകലയുടെ ദേഹത്ത് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇതിന് മുമ്പ് കണ്ണൂരിലും ഏറെക്കുറേ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ ഇടിഞ്ഞ് വീണ് എട്ടുവയസുകാരിയാണ് മരിച്ചത്. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. അന്ന് സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിൻസ മെഹറിൻ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ പരിക്കുകൾ ഭേദമായിരുന്നു.

ചുമർ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജസ ഫാത്തിമ മരിച്ചത്. കുപ്പം എംഎംയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.